സെർച് എഞ്ചിൻ ഭീമൻ ഗൂഗിളിന് ഭീമൻ തുക പിഴ ചുമത്തി യു.എസ് കോടതി. അനുമതിയില്ലാതെ ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നൽകിയ കേസിൽ ഗൂഗിൾ 93 ദശലക്ഷം ഡോളർ (ഏകദേശം 7000 കോടി രൂപ) നഷ്ടപരിഹാരമായി നൽകാനൊരുങ്ങുകയാണ്. ലൊക്കേഷൻ ട്രാക്കിങ് നമ്മൾ ഓഫ് ചെയ്തുവെച്ചാലും ഗൂഗിൾ അതിന്റെ യൂസർമാരെ പിന്തുടരുന്നുണ്ടെന്നാണ് കണ്ടെത്തൽ. 

യൂസർമാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ലൊക്കേഷൻ വിവരങ്ങൾ ഗൂഗിൾ ചോർത്തുന്നതായും സമ്മതമില്ലാതെ അവരുടെ ഡാറ്റ ഉപയോഗിക്കുന്നതായും ആരോപിച്ച് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോന്റയാണ് കേസ് നൽകിയത്.

ലൊക്കേഷനുമായി ബന്ധപ്പെട്ടതും മറ്റ് സ്വകാര്യ വിവരങ്ങളും എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിൽ യൂസർമാർക്ക് നിയന്ത്രണമുണ്ടെന്ന് പറഞ്ഞ് ഗൂഗിൾ പറ്റിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് സെർച് എഞ്ചിന് ഭീമന് പിഴ വിധിച്ചിരിക്കുന്നത്.

ആളുകളെ “പ്രൊഫൈൽ” ചെയ്യാനും ഫോണിലെ “ലൊക്കേഷൻ ഹിസ്റ്ററി” ക്രമീകരണം ഓഫാക്കിയാലും അവരെ പരസ്യത്തിലൂടെ ടാർഗെറ്റുചെയ്യാനും അവർക്ക് താൽപ്പര്യമില്ലാത്ത പരസ്യങ്ങൾ തടയാനുള്ള ഓപ്ഷൻ നൽകി ആളുകളെ കബളിപ്പിക്കാനും കമ്പനിക്ക് കഴിയുന്നതായി പരാതിയിൽ ആരോപിക്കുന്നു.

ഗൂഗിൾ തങ്ങളുടെ ഉപയോക്താക്കളോട് പറയുന്നത്- വേണ്ടെന്ന് വെച്ചാൽ അവരുടെ ലൊക്കേഷൻ ഇനി ട്രാക്ക് ചെയ്യില്ല എന്നാണ്, എന്നാൽ വിപരീതമായി പ്രവർത്തിക്കുകയും സ്വന്തം വാണിജ്യ നേട്ടത്തിനായി ഉപയോക്താക്കളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്നത് തുടരുകയും ചെയ്യുന്നു, അത് അംഗീകരിക്കാനാവില്ല” -കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്റ പറഞ്ഞു.

93 മില്യൺ ഡോളർ നൽകുന്നതിന് പുറമെ, എങ്ങനെയാണ് ആളുകളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതെന്നും ശേഖരിക്കുന്ന ഡാറ്റ ഉപയോഗിക്കുന്നതിനെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ ഗൂഗിൾ നടത്തണമെന്നും സ്വകാര്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങള്‍ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്നതിന് മുമ്പായി ഗൂഗിളിന്റെ ഇന്റേണല്‍ പ്രൈവസി വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം നേടാനും ഉത്തരവുണ്ട്.