കാസർകോട്: നാല് മാസം മാത്രം പ്രായമായ പൈതലിനേയുമെടുത്ത് രാരീരം ഊഞ്ഞാലുമായി കാസർകോട് ജില്ലയിലെ പടന്നയിൽ നിന്ന് തിരുവനന്തപുരത്ത് ജനകീയാസൂത്രണ പരിശീലനം പരിപാടിയിൽ പങ്കെടുത്ത ജനപ്രതിനിധിയുടെ ഓർമ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയാണ് എഴുത്തുകാരി കൂടിയായ സബൂറ മിയാനത്ത്. റമദാൻ വ്രതനാളിലായിരുന്നു ആ യാത്രയും ശില്പശാലയും. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കൈകുഞ്ഞുമായി കോർപറേഷൻ ഓഫീസിലെത്തിയതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ച സാഹചര്യത്തിലാണ് 23 വർഷങ്ങൾക്ക് മുമ്പുള്ള ഓർമകൾ സബൂറ മിയാനത്ത് പങ്കുവെക്കുന്നത്. പേറ്റുമണം മാറും മുമ്പേ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ ഓർമ്മകളും അവർ അയവിറക്കുന്നു.

സബൂറയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരം മേയറുടെ പടത്തിന്റെ പേരിൽ ചർച്ചകൾ കൊണ്ട് മുഖരിതമായ സോഷ്യൽ മീഡിയയിലേക്ക് 23 വർഷങ്ങൾക്ക് മുമ്പുള്ള ഒരു സെപ്റ്റംബറിലെ ഓർമ്മകളിൽ ചിലത് കുറിക്കട്ടെ..😄😄 

ആദ്യമായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം നിലവിൽ വന്നപ്പോൾ #ജനകീയാസൂത്രണ (ഈ വാക്ക് പോലും മറവിയുടെ കയങ്ങളിലേക്കാണ്ട് പോയിരുന്നു. ഓർമ്മിപ്പിച്ചതിന് താങ്ക്സ് Libesh Kariyil) പരിശീലന പരിപാടിയുടെ ജില്ലാതല റിസോഴ്സ് പേഴ്സൻ ആയിരുന്നതിന്റെ, ഗ്രാമസഭാ സംഘാടനങ്ങളിൽ പങ്കാളിത്തം വഹിച്ചതിന്റെ ഒക്കെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആയിരുന്നു ആദ്യ തവണ മത്സരിക്കാനുള്ള ഊഴം തേടിയെത്തിയത്. 

2000 സെപ്റ്റംബറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ പൂർണ്ണ ഗർഭിണി ആയിരുന്നു ഞാൻ. വാർഡിലെ വീടുകൾ മൊത്തം കയറിയിറങ്ങി നടന്നതിനാലോ, ഉമ്മയുടെ തെരഞ്ഞെടുപ്പ് വിജയം കാണാനുള്ള മോന്റെ അത്യാഗ്രഹത്താലോ എന്നറിയില്ല ഡോക്ടർ പറഞ്ഞ അവധിക്കും ഒരാഴ്ച് മുമ്പേ മോൻ ഭൂമിയിലേക്കെത്തി. 16 ദിവസം പ്രായമായ കുഞ്ഞിനെ വീട്ടിൽ ഏല്പിച്ചിട്ട് ഇലക്ഷൻ പ്രചാരണത്തിന് വീണ്ടും പോയിരുന്നു..

മൈക്ക് കിട്ടിയാൽ വിറക്കില്ല എന്നത് കൊണ്ടും, വായിലെ നാവ് രുചി നോക്കുന്നതിനേക്കാൾ നന്നായി വാക്കുകൾ ഉരുവിടാൻ ഉപയോഗപ്രദമാണ് എന്നും കണ്ടെത്തിയവർ എന്നെ വാർഡുകളിൽ നിന്ന് വർഡുകളിലേക്ക് ജില്ല/ബ്ലോക്ക് തലങ്ങളിൽ മത്സരിക്കുന്നവർക്ക് വേണ്ടി കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിജയിച്ചപ്പോൾ സത്യപ്രതിജ്ഞക്കും, അവിടുന്നങ്ങോട്ട് ബോർഡ് മീറ്റിങ്ങിനും, വാർഡ്/ഗ്രാമസഭകളിലും പാർട്ടി മീറ്റിങ്ങുകളിലും എന്ന് വേണ്ട, എല്ലായിടത്തും ഞാനെത്തിയിരുന്നു. 

#പേറ്റുമണം മാറും മുമ്പേ തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുന്ന ഒരുവൾക്ക് പൂച്ചെണ്ട് ഒന്നും ആരും നൽകില്ല. മുന്നിൽ ചെന്നാൽ ഉപദേശവും സമാശ്വാസവുമൊക്കെ പറയുന്നവരിലും ചിലർ പിറകിൽ നിന്ന് ഓൾക്കെന്തിന്റെ കേടാണ് എന്ന് പറയും. #പെറ്റോൾക്ക് പൊതുവേദിയിലും അശുദ്ധിയുണ്ടെന്ന് അന്നാണ് കേട്ടത്🤗😄