ഹൈദരാബാദ്: ‘ജീവിതത്തിൽ ഒരുപാട് രാഷ്ട്രീയ പരിപാടികളും റാലികളും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, തെലങ്കാനയിൽ ഇന്ന് കണ്ടത് അതിശയിപ്പിക്കുന്നതാണ്. കണ്ണെത്താ ദൂരത്തോളം ജനക്കൂട്ടമെന്നത് അക്ഷരാർഥത്തിൽ ശരിയായിരുന്നു. ആവേശവും ഊർജവുമുള്ള ജനലക്ഷങ്ങൾ. ഇതുപോലൊരു അന്തരീക്ഷം മുമ്പ് കണ്ടിട്ടില്ല. അതിശയിപ്പിക്കുന്നതും അവിസ്മരണീയമായ അനുഭവം’ -കോൺഗ്രസിന്റെ സോഷ്യൽ മീഡീയ-ഡിജിറ്റൽ പ്ലാറ്റ്ഫോം ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്സി’ൽ (മുമ്പ് ട്വിറ്റർ) കുറിച്ചതാണിത്.

‘വിസ്മയിപ്പിക്കുന്ന ജനക്കൂട്ടമാണ് തെലങ്കാനയിലെ ബഹുജന റാലിയിലിപ്പോൾ. വേദിയിലെ എന്റെ ഇരിപ്പിടത്തിൽ നിന്നാണ് ഈ ദൃശ്യം ചിത്രീകരിച്ചത്. ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തുകയാണ്. ആവേശകരമായ അന്തരീക്ഷമാണിവിടെ. ഗാന്ധിമാരും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു’ -പൊതുസമ്മേളന ദൃശ്യങ്ങൾ തത്സമയം പങ്കുവെച്ച് ശശി തരൂർ എം.പി എക്സിൽ വിശദീകരിച്ചു.

തെലങ്കാനയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനുശേഷം നടത്തിയ ‘വിജയഭേരി റാലി’യാണ് ജനബാഹുല്യം കൊണ്ട് വിസ്മയം തീർത്തത്. 12 ലക്ഷം പേർ പൊതുസമ്മേളനത്തിൽ പങ്കാളികളായെന്നാണ് നേതാക്കളുടെ അവകാശവാദം. വിജയഭേരി റാലിയിൽ പ​ങ്കെടുത്ത ജനലക്ഷങ്ങളെ കണ്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് തെലങ്കാന കോൺഗ്രസ് പ്രസ്താവിച്ചു. റാലി നടത്തുന്നത് തടയാൻ ബി.ജെ.പിയും ബി.ആർ.എസും കഠിന ശ്രമം നടത്തിയിരുന്നു. എന്നാൽ, തെലങ്കാനയിലെ ജനം തുക്കുഗുഡയിൽ അതിനെല്ലാം മറുപടി നൽകിയെന്നും തെലങ്കാന കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

‘ഇന്നലെ തെലങ്കാനയിലെ രംഗറെഡ്ഡിയിൽ കോൺഗ്രസ് പാർട്ടി മഹാറാലി നടത്തി. തങ്ങളുടെ സംസ്ഥാനത്തേക്ക് ഒരു കോൺഗ്രസ് സർക്കാരിനെ സ്വാഗതം ചെയ്യാൻ ഏറെ തൽപരരായ, അതിനായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയ തെലങ്കാനയിലെ ജനസഹസ്രത്തെ നോക്കൂ. കഴിഞ്ഞ തവണ മോദി ഒരു റാലി സംഘടിപ്പിച്ചപ്പോൾ 10 ലക്ഷം ആളുകളാണ് പങ്കെടുത്തത്. എന്നാൽ, ഇന്നലത്തെ കോൺഗ്രസ് റാലി ആറുലക്ഷം പേരുമായാണ് ആരംഭിച്ചതെങ്കിലും 12 ലക്ഷത്തിലേറെ പേരായി അത് ഉയർന്നു. തങ്ങളുടെ പ്രിയ നേതാക്കളെ കാണാനും കേൾക്കാനുമാണ് സ്വമേധയാ അവർ ഒഴുകിയെത്തിയത്. മാധ്യമങ്ങൾ വഴി സൃഷ്ടിച്ചെടുക്കുന്ന മോദിയുടെ പ്രശസ്തി പഴങ്കഥയായിക്കഴിഞ്ഞു. ഇനിയിതാ കോൺഗ്രസിന്റെ യുഗം, രാഹുൽ ഗാന്ധിയുടെ യുഗം’ -ഒരാൾ എക്സിൽ കുറിച്ചതിങ്ങനെ.

പരേഡ് ഗ്രൗണ്ടിലും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും പൊതുസമ്മേളനം നടത്താൻ കോൺഗ്രസ് ആദ്യം ആലോചിച്ചെങ്കിലും അനുമതി ലഭിക്കാനിടയില്ലാത്തതിനാൽ പദ്ധതി മാറ്റുകയായിരുന്നു. ഒടുവിൽ തുക്കുഗുഡയിലെ മൈതാനത്ത് നടത്താൻ അനുമതി തേടിയപ്പോൾ അവിടെ ക്ഷേത്രത്തിന്റെ സ്ഥലമുണ്ടെന്നും പൊതുപരിപാടികൾക്കായി അത് ഉപയോഗിക്കുന്നതിന് നിയമം അനുവദിക്കുന്നി​ല്ലെന്നുമായിരുന്നു മറുപടി.

ഈ സാഹചര്യത്തിൽ തുക്കുഗുഡയിലെ കർഷകർ സഹായവുമായി രംഗത്തെത്തുകയായിരുന്നു. ക്ഷേത്രസ്ഥലത്തിന് പുറത്ത് സമ്മേളനം നടത്താനായി 100 ഏക്കർ തങ്ങൾ ഒരുക്കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. ഈ സ്ഥലത്താണ് പാർട്ടി ഐതിഹാസികമായ റാലി നടത്തിയത്. തെലങ്കാന രൂപവത്കരിക്കാൻ ഏറ്റവും സഹായിച്ച സോണിയ ഗാന്ധിയോട് കാട്ടിയ അനാദരവാണിതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ കുറ്റപ്പെടുത്തി തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി പറഞ്ഞു.