ഇന്ത്യയിലെ ഒന്നാം നമ്പര്‍ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ഹൃദയം എന്ന് അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്. റിസര്‍വ് ബാങ്കിന്റെ പുതിയ പട്ടികയില്‍ ഇടംപിടിച്ചതിനാലാണ് ടാറ്റയ്ക്ക് ഇഷ്ടമല്ലെങ്കിലും ഓഹരി വിപണിയിലേക്ക് എത്തേണ്ടി വന്നിരിക്കുന്നത്.

ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന 2025 സെപ്റ്റംബറിനകം നടക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് ടാറ്റ കളമൊരുക്കുന്നത്. 11 ലക്ഷം കോടി രൂപയാണ് ടാറ്റാ സണ്‍സിന് വിലയിരുത്തുന്ന വിപണിമൂല്യം.

അതിനാല്‍ തന്നെ വലിയൊരു മാസ് എന്‍ട്രിയായിരിക്കും ഓഹരി വിപണിയിലേക്ക് ടാറ്റ നടത്തുക. 11 ലക്ഷം കോടി രൂപയുടെ വിപണി മുല്യത്തില്‍ 5 ശതമാനം ഓഹരി ഐ.പി.ഒയിലൂടെ വിറ്റഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ അത് 55,000 കോടി രൂപ വരും. 2022ല്‍ എല്‍.ഐ.സി കുറിച്ച 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് നിലവിലെ റെക്കോഡ്. ഇതു തകര്‍ക്കാര്‍ ടാറ്റയ്ക്ക് നിഷ്പ്രയാസം സാധിക്കും.

എന്‍.ബി.എഫ്.സികളെ അവയുടെ ആസ്തിമൂല്യം, പ്രവര്‍ത്തനം, അപകടസാദ്ധ്യത (റിസ്‌ക്) തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ബേസ് ലെയര്‍, മിഡില്‍ ലെയര്‍, അപ്പര്‍ ലെയര്‍, ടോപ് ലെയര്‍ എന്നിങ്ങനെ റിസര്‍വ് ബാങ്ക് തരംതിരിച്ചിട്ടുണ്ട്.

ഇതില്‍ കഴിഞ്ഞദിവസം പുറത്തുവിട്ട എന്‍.ബി.എഫ്.സി അപ്പര്‍ ലെയറില്‍ ടാറ്റാ സണ്‍സിനെയും റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്പര്‍ ലെയറില്‍ പെടുന്ന കമ്പനികള്‍ കുറഞ്ഞത് അടുത്ത 5 വര്‍ഷത്തേക്ക് കര്‍ശന പ്രവര്‍ത്തന മാനദണ്ഡങ്ങളും സാമ്പത്തിക അച്ചടക്കവും പാലിക്കണം. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം ഐ.പി.ഒയും നടത്തണം. ഇതാണ്, ടാറ്റാ സണ്‍സിന്റെ ഐപിഒയ്ക്ക് നിര്‍ബന്ധിക്കുന്നത്.