തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നറിയപ്പെടുന്ന വ്യക്തിയാണ് പ്രഭുദേവ. നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും സംവിധാനത്തിലും പ്രഭുദേവ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പ്രമുഖ താരമാണ് പ്രഭുദേവ.

എന്നാൽ പ്രഭുദേവയ്ക്കും മുൻപെ സെലിബ്രിറ്റിയായൊരാൾ ആ വീട്ടിലുണ്ട്. സുന്ദരം മാസ്റ്റർ എന്നറിയപ്പെടുന്ന മുഗുർ സുന്ദർ. തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രാഫർമാരിൽ ഒരാൾ, സാക്ഷാൽ പ്രഭുദേവയുടെ പിതാവ്. പ്രഭുദേവ മാത്രമല്ല സഹോദരങ്ങളായ രാജു സുന്ദരം, നാഗേന്ദ്ര പ്രസാദി എന്നിവരും ഡാൻസ് മാസ്റ്റർമാരായി കീർത്തി നേടിയവരാണ്.

പ്രഭുദേവയ്ക്ക് ഒപ്പം വേദിയിൽ ചുവടുവയ്ക്കുന്ന സുന്ദരം മാസ്റ്ററുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. എന്തൊരു എനർജി, പ്രായം വെറും നമ്പർ ആണെന്നു തെളിയിക്കുകയാണ് സുന്ദരം മാസ്റ്റർ എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

ചെന്നൈയിലെ ചന്ദമാമ പ്രസിൽ പ്രതിമാസം 40 രൂപ ശമ്പളത്തിനാണ് സുന്ദരം തന്റെ കരിയർ ആരംഭിക്കുന്നത്. നൃത്തത്തോടുള്ള ആഗ്രഹം കൊണ്ട് പിന്നീട് നൃത്തം പഠിച്ചെടുത്തു. 1962-ൽ കൊഞ്ചും സലങ്കൈ എന്ന സിനിമയിൽ ഒരു നൃത്തരംഗത്തിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. തങ്കപ്പൻ മാസ്റ്ററുടെ സഹായിയായി നാലുവർഷത്തോളം സിനിമയിൽ പ്രവർത്തിച്ചു. പിന്നീട് സ്വതന്ത്ര ഡാൻസ് കൊറിയോഗ്രാഫറായി മാറി. ആരാദ ഗയ, പ്രീതിസി നോഡു, പ്രചണ്ഡ പുതനിഗലു, അനുപമ, നീ നന്നാ ഗെല്ലലരെ, കേരളീദ സിംഹ എന്നിവ സുന്ദരം മാസ്റ്ററുടെ ശ്രദ്ധേയ വർക്കുകളാണ്. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ആയിരത്തോളം സിനിമകൾക്ക് കൊറിയോഗ്രാഫ് ചെയ്തു. 2005 വരെ സിനിമാരംഗത്ത് സജീവമായിരുന്നു.

2001ൽ തന്റെ ആദ്യ കന്നഡ ചിത്രം ‘മനസെല്ലാ നീനേ’ സംവിധാനം ചെയ്തു. തെലുങ്ക് ചിത്രമായ മനസന്ത നുവ്വേയുടെ റീമേക്ക് ആയിരുന്നു ഇത്. ഈ ചിത്രത്തിൽ സുന്ദരം മാസ്റ്ററുടെ മകൻ നാഗേന്ദ്ര പ്രസാദ് പ്രധാന വേഷത്തിൽ അഭിനയിച്ചു. തബ്ബലി, ജാനി തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ അഭിനയിച്ചു. പാ രാ പളനിസാമി എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു.

സീ തെലുങ്കിൽ സംപ്രേഷണം ചെയ്ത പ്രശസ്ത ഡാൻസ് ഷോയായ AATA 4 ന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു. വിജയ് ടിവിയുടെ ജനപ്രിയ ഷോകളായ ജോഡി നമ്പർ1, ജോഡി നമ്പർ 1 സീസൺ ടു എന്നിവയിൽ വിധികർത്താവും എത്തി.