ഭോപ്പാൽ: മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാര്‍ സഭ വൈദികൻ ഫാദര്‍ അനില്‍ ഫ്രാന്‍സിസ് (40) ആത്മഹത്യ ചെയ്ത നിലയില്‍. വ്യാഴാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. അന്ന് വൈകീട്ട് 3.30ഓടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം.
സാഗറിലെ സെന്‍റ് അൽഫോൺസ അക്കാദമി മാനേജറായി പ്രവർത്തിക്കുയായിരുന്നു ഫാദർ. ബുധനാഴ്ച ഇദ്ദേഹം ബിഷപ് ഹൗസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. പിന്നീട് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് രൂപത പി.ആർ.ഒ പ്രസ്താവനയിൽ അറിയിച്ചു.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന്‍റെ പേരിൽ പൊലീസ് കേസെടുത്തതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഫാദറെന്ന് പ്രസ്താവനയിൽ പറഞ്ഞു. തന്‍റെ ശരീരം ദഹിപ്പിക്കണമെന്ന് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്നും രൂപത പ്രസ്താവനയിൽ പറഞ്ഞു.