തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകപ്രതിഷേധം. പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും ട്രോളുകളും ശക്തമായിട്ടുണ്ട്.

അതിനിടെ, അലൻസിയർക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ജൂറി പരാമർശ പുരസ്കാരം വാങ്ങിയ ശേഷമുള്ള അലൻസിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഒരു വിഭാഗം ശക്തമായി വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടർ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞത്.


‘അപ്പനിലെ ഹാങ്ങോവർ മാറിയില്ല’; ‘പെണ്‍പ്രതിമ’ പരാമര്‍ശം, അലൻസിയറിനെതിരെ രോഷം കത്തുന്നു

സ്ത്രീകളെ കണ്ടാൽ പ്രലോഭനം തോന്നുന്ന അലൻസിയറിന്റെ നാട്ടിലെ വസ്ത്രശാലകളുടെ അവസ്ഥ എന്താകുമെന്ന് ചോദിക്കുന്നു ഒരു കൂട്ടർ. ആണ്‍ പ്രതിമ നൽകി അലൻസിയറെ ആജീവനാന്തം വീട്ടിൽ ഇരുത്താൻ കഴിയുമോ എന്ന് മറ്റ് ചിലർ. ഏതായാലും അലൻസിയറുടെ വിവാദ പരാമർശത്തിൽ പ്രമുഖ താരങ്ങളുടെ അഭിപ്രായം എന്തെന്ന് അറിയാൻ താൽപര്യപ്പെടുന്നവരും സോഷ്യൽ മീഡിയയിൽ ഏറെയാണ്. വിവാദമുണ്ടായതിന് പിന്നാലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സംവിധായിക ശ്രുതി ശരണ്യം അലൻസിയറിനെതിരെ രംഗത്തെത്തി. അലൻസിയറിന്റെ പ്രസംഗം നിരുത്തരവാദപരവും നികൃഷ്ടവുമെന്നാണ് ശ്രുതി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇത് ആദ്യമായല്ല അലൻസിയർ വിവാദത്തിൽ പെടുന്നത്. നേരെത്തെ മീടു അടക്കം താരത്തിനെതിരെ ഉയർന്നിരുന്നു. അന്ന് കുറച്ചുകാലം സിനിമയിൽ നല്ല വേഷങ്ങൾ കിട്ടാതിരുന്ന അലൻസിയർ അപ്പനിലെ അഭിനയത്തിന് മികച്ച അഭിപ്രായവും പുരസ്കാരവും നേടി തിളക്കത്തിൽ നിൽക്കുമ്പോഴാണ് അടുത്ത വിവാദം.