ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ക്രിസ്തുമതവിശ്വാസികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുനൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം(യു.സി.എഫ്) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2023 ആഗസ്റ്റ് വരെ മാത്രം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ 525 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമീപവർഷങ്ങളിൽ രാജ്യത്ത് മുസ്‍ലിം, ദലിത് വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളും കുത്തനെ വർധിച്ചിരുന്നു. പലപ്പോഴും അതൊന്നും വാർത്തയാകാറുപോലുമില്ല. അതിക്രമങ്ങ​ൾക്കെതിരെ ഭരണകൂടവിഭാഗം നിശ്ശബ്ദത തുടരുകയാണ്.

മണിപ്പൂർ കലാപത്തിനിടെ നൂറുകണക്കിന് പള്ളികളാണ് തകർത്തത്. മണിപ്പൂരിൽ ഏതാണ്ട് 642 ആരാധനാലയങ്ങൾ തകർത്തുവെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലെ കണക്ക്. 36 മണിക്കൂറിനുള്ളിൽ മാത്രം 249 ചർച്ചുകൾ തകർത്തുവെന്നാണ് ഇംഫാൽ ആർച്ച് ബിഷപ്പ് പറയുന്നത്. അതേസമയം മണിപ്പൂരിൽ നിന്നുള്ള വിവരങ്ങൾ യു.സി.എഫ് ഡാറ്റയിൽ ഇല്ല. അധികാരത്തിലിരിക്കുന്ന ഉന്നതരുടെ പിന്തുണയോടെ, ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ ഒരുകൂട്ടം ആളുകൾ നടത്തുന്ന ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് യു.സി.എഫ് പ്രസ് റിലീസിൽ സൂചിപ്പിച്ചു.

2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ 2.3 ശതമാനം ക്രിസ്തുമത വിശ്വാസികളാണ് ഉള്ളത്. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(എൻ.സി.ആർ.ബി) രേഖപ്പെടുത്തിയിട്ടില്ല. സമീപകാലത്ത് ഇന്ത്യ താരതമ്യേന ശാന്തമാണെന്നും വലിയ തോതിലുള്ള കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുമാണ് എൻ.സി.ആർ.ബിയുടെ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, 2012നും 2022നുമിടയിലുള്ള കാലയളവിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ നാലുമടങ്ങായി വർധിച്ചുവെന്നാണ് റിപ്പോർട്ട്. ഈ വർഷങ്ങളിൽ 2016ലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട്ചെയ്തത്. 247 ആക്രമണങ്ങളാണ് ആ വർഷം നടന്നത്. 2021 വരെ ആക്രമണങ്ങളുടെ എണ്ണവും വർധിച്ചു. 2021ൽ 505 ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെയുണ്ടായത്. 2022ൽ അത് 299 ആയി.

ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടായത് ഉത്തർപ്രദേശിലാണ്. 2018ൽ 132 ആ​ക്രമണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2019ലും 2020ലും നേരിയ കുറവുണ്ടായി. 2021 ൽ 129 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ യു.സി.എഫ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, യു.പി കൂടാതെ ചത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്രിസ്തുമതവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിലുള്ളത്. തമിഴ്നാട് ആണ് ക്രിസ്ത്യൻവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു സംസ്ഥാനം.

ആസ്ട്രേലിയൻ ഒരു സുവിശേഷകനും ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് 1999ൽ ഒഡീഷയിലെ കുഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കാലത്ത്, തന്റെ 10ഉം ആറും വയസുള്ള രണ്ട് മക്കളോടൊപ്പം കൊല്ലപ്പെട്ട സംഭവമാണ് ക്രിസ്തുമതവിഭാഗങ്ങൾക്കെതിരെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഹീനമായ കൊലപാതകം. ഒഡിഷയിൽ 2008ൽ നൂറോളം ആളുകൾ കൊല്ലപ്പെടുന്നതിലേക്ക് നയിച്ച കാന്തമാൽ കലാപമാണ് മറ്റൊന്ന്. ആയിരങ്ങൾക്കാണ് കലാപത്തെ തുടർന്ന് വീടും കിടപ്പാടവും നഷ്ടപ്പെട്ടത്.