കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ ആലുവ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്ത് പൊലീസ്. രാത്രിയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. രാവിലെ പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജാണ് കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്ത എത്തിയത്. വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തൻപുറത്ത്  താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.