21-ാം വയസില്‍ ഐഐഎസ്‌സിയിൽ നിന്ന് പിഎച്ച്‌ഡി പൂർത്തിയാക്കി  22-ാം വയസ്സിൽ ഐഐടി പ്രൊഫസറായി മാറിയ തഥാഗത് അവതാർ തുളസിയെ അറിയാമോ? ‘ഇന്ത്യയുടെ പ്രതിഭ’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച, ചെറിയ പ്രായത്തില്‍ തന്നെ അസാമാന്യ ബുദ്ധി പ്രകടിപ്പിച്ച അദ്ദേഹം പക്ഷേ ഇന്ന് തൊഴില്‍ രഹിതനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2001-ൽ ജർമ്മനിയിൽ നൊബേൽ സമ്മാന ജേതാക്കളുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ സർക്കാർ തെരഞ്ഞെടുത്തതോടെയാണ് തഥാഗത് വാർത്തകളിൽ ഇടം നേടിയത്.

ടൈം മാഗസിൻ തുളസിയെ ഏറ്റവും കഴിവുള്ള ഏഷ്യൻ കുട്ടികളിൽ ഒരാളായി പരാമർശിച്ചിരുന്നു. സയൻസിന്‍റെ “സൂപ്പർ ടീൻ”, ദി ടൈംസിന്‍റെ “ഫിസിക്സ് പ്രോഡിജി”, ദി വീക്കിന്‍റെ “മാസ്റ്റർ മൈൻഡ്” എന്നിങ്ങനെ നിരവധി വിശേഷങ്ങള്‍ അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചു. 2007 ഡിസംബർ 13-ന് നാഷണൽ ജിയോഗ്രാഫിക് ചാനൽ മൈ ബ്രില്യന്‍റ് ബ്രെയിൻ എന്ന പരിപാടിയുടെ ഭാഗമായി തുളസിയുടെ ജീവിതം സംപ്രേക്ഷണം ചെയ്തു. പക്ഷേ, ഇന്ന് തന്‍റെ നഷ്ടപ്പെട്ട തൊഴില്‍ തിരിച്ച് പിടിക്കാനായി സ്വയം നിയമം പഠിക്കുകയാണ് തഥാഗത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

1987 സെപ്റ്റംബർ 9 ന് ബീഹാറിലാണ് തഥാഗത് അവതാർ തുളസി ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ തന്‍റെ ബുദ്ധവൈഭവം പ്രകടിപ്പിച്ച കുട്ടിയായിരുന്നു തഥാഗത്. ഒമ്പതാം വയസ്സിൽ ഹൈസ്കൂള്‍ ബിരുദം നേടിയ തുളസി, പതിനൊന്നാം വയസ്സിൽ പട്ന സയൻസ് കോളേജിൽ നിന്ന് ബിഎസ്സി ബിരുദവും പന്ത്രണ്ടാം വയസ്സിൽ അവിടെ തന്നെ എംഎസ്സിയും പൂർത്തിയാക്കി. തുടര്‍ന്ന് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്ന് 2009 ൽ തന്‍റെ 21 -ാം വയസില്‍ അദ്ദേഹം പിഎച്ച്ഡിയും പൂര്‍ത്തിയാക്കി ആദ്യമായി വാര്‍ത്തകളില്‍ ഇടം നേടി. ‘ക്വാണ്ടം സെർച്ച് അൽഗോരിതത്തിന്‍റെ പൊതുവൽക്കരണം’ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പിഎച്ച്ഡി വിഷയം. അദ്ദേഹവും ലോവ് ഗ്രോവറും ചേർന്ന് “എ ന്യൂ അൽഗോരിതം ഫോർ ഫിക്‌സഡ്-പോയിന്‍റ് ക്വാണ്ടം സെർച്ച്” എന്ന പേരിൽ ഒരു ഗവേഷണ കൈയെഴുത്ത് പ്രതിയും ഇതിനിടെ പ്രസിദ്ധീകരിച്ചു.

പഠന മികവിന് പിന്നാലെ 2010 ജൂലൈയിൽ ഐഐടി-മുംബൈയിൽ നിന്ന് കരാറിൽ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി ചെയ്യാനുള്ള ക്ഷണം ലഭിച്ചു. പക്ഷേ, 2019 ല്‍ ജോലിയില്‍ നിന്നും അദ്ദേഹത്തെ പിരിച്ച് വിട്ടു. അസുഖം കാരണം ദീർഘനാളത്തെ അവധിയെടുത്തതിനെ തുടർന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് തഥാഗത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 2011 ല്‍ പിടിപെട്ട ഒരു പനിയായിരുന്നു വില്ലന്‍. പിന്നാലെ അദ്ദേഹം കടുത്ത അലര്‍ജിക്ക് അടിപ്പെട്ടു. അലര്‍ജിയെ തുടര്‍ന്ന് നാല് വർഷത്തെ അവധിയെടുത്ത് 2013 ൽ അദ്ദേഹം മുംബൈ വിട്ട് പാറ്റ്നയില്‍ താമസമാക്കി. പിന്നീട് മുംബൈയിലേക്ക് തിരികെ പോകാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങനെയാണ് 2019 ല്‍ മുബൈ ഐഐടി അദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കുന്നത്. 2021 ല്‍ തഥാഗത് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടു. ഇപ്പോള്‍ പാട്നയില്‍ സഹോദരനൊപ്പം താമസിക്കുന്ന തഥാഗത് ജോലി തിരികെ ലഭിക്കുന്നതിനായി ഡൽഹി ഹൈക്കോടതിയില്‍ കേസ് നല്‍കാനുള്ള ശ്രമത്തിലാണെന്ന് ബിബിസി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനായി അദ്ദേഹം സ്വയം നിയമം പഠിക്കുകയാണ്. തന്നെ മുംബൈയില്‍ നിന്നും മറ്റൊരു ഐഐടിയിലേക്ക് മാറ്റണമെന്നതാണ് അദ്ദേഹത്തിന്‍റെ ആവശ്യം.