ചെങ്ങന്നൂർ: ഒരു ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ പത്ത് ലക്ഷം രൂപയോ?. മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരിലെ ഒരു ട്രാഫിക് സിഗ്നൽ ലൈറ്റും അതിൽ തൂക്കിയിട്ടുളള ബോർഡും സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയായിക്കഴിഞ്ഞു. 9,63,943 രൂപ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ ചെലവായി എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.
സജി ചെറിയാന്റെ 2018-19 കാലയളവിലെ പ്രത്യേക വികസന ഫണ്ട് (സ്‌പെഷൽ ഡെവലപ്‌മെന്റ് ഫണ്ട്) ഉപയോഗിച്ച് നിർമിച്ചതാണ് സിഗ്നൽ ലൈറ്റെന്നും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം മീഡിയ എന്ന വാർത്താ സംഘമാണ് ദൃശ്യങ്ങൾ സഹിതം സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ അത്ഭുത സിഗ്നൽ ലൈറ്റിന്റെ വിവരം പങ്കുവെച്ചത്.
ചെങ്ങന്നൂർ വഴി കടന്നുപോകുമ്പോൾ യാദൃശ്ചികമായി ഇവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുകയിലെ കൗതുകം കൊണ്ട് വീഡിയോ പകർത്തുകയും വിവരണത്തോടെ കൊല്ലം വാർത്തകൾ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയായുമായിരുന്നു. വീഡിയോയും സ്‌ക്രീൻഷോട്ടുകളും സമൂഹമാദ്ധ്യമങ്ങളിൽ പറപറക്കുകയാണ്. സ്വർണം കൊണ്ടാണോ സിഗ്നൽ ലൈറ്റ് നിർമിച്ചതെന്നും പലരും എംഎൽഎയോട് ചോദിക്കുന്നുണ്ട്. സാധാരണ ട്രാഫിക് സിഗ്നൽ ലൈറ്റിനപ്പുറം യാതൊരു പ്രത്യേകതകളും ഇതിൽ കാണാനുമില്ല.
കമന്റുകളിലും മറ്റും മന്ത്രിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അഴിമതിയുടെ തെളിവാണിതെന്നും ചിലർ പോസ്റ്റ് പങ്കുവെച്ച് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കുളത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ചുവെന്ന് അവകാശപ്പെട്ട് മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ചിത്രവും സമാനമായ രീതിയിൽ വിവാദമായിരുന്നു.