ചെന്നൈ: സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് ധര്‍മ്മരാജ് റസാലത്തിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മോഡറേറ്റര്‍ പദവിയില്‍ നിന്ന് ബിഷപ് ധര്‍മ്മരാജിനെ അസാധുവാക്കി. അധികാരത്തില്‍ തുടരുന്നതിന് വേണ്ടി മോഡറേറ്ററുടെ പ്രായപരിധി ഉയര്‍ത്തി സഭയുടെ ഭരണഘടന ഭേദഗതി ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.
നാല് മാസത്തിനുള്ളില്‍ പുതിയ മോഡറേറ്റര്‍ തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി ഹൈക്കോടതി മുന്‍ ജഡ്ജിയെയും കോടതി നിയോഗിച്ചു.
2023 ജൂണില്‍ ബിഷപ് റസാലത്തിന് 67 വയസ്സ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ അധികാരത്തില്‍ തുടരുന്നതിന് വേണ്ടി അദ്ദേഹം മുന്‍കൈ എടുത്ത് 2022ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ പ്രായപരിധി 70 ആക്കി ഉയര്‍ത്തി. സഭയിലെ 24 ഭദ്രാസനങ്ങളില്‍ 16 ഭദ്രാസനത്തിന്റെ ഭൂരിപക്ഷം (മൂന്നില്‍ രണ്ട് ഭൂരിപക്ഷം) ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായിരുന്നു. എന്നാല്‍ കന്യാകുമാരി അടക്കം രണ്ട് ഭദ്രാസനങ്ങളെ ഒഴിവാക്കിയാണ് ഭരണഘടനാ ഭേദഗതിയില്‍ വോട്ടെടുപ്പ് നടന്നത്. 22 ഭദ്രാസനങ്ങളില്‍ 15 ഭദ്രാസനങ്ങള്‍ ഭേദഗതിക്ക് അനുകൂല നിലപാട് എടുത്തു. എന്നാല്‍ രണ്ട് ഭദ്രാസനങ്ങളെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് സഭാംഗമായ റോസ്ബിസ്റ്റ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
സഭയിലെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കാനുള്ള നീക്കമാണ് അടുത്തകാലത്ത് സഭയില്‍ നടന്നതെന്നും അതാണ് കോടതിയില്‍ ചോദ്യം ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു. ജസ്റ്റീസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെതാണ് വിധി.
2011ല്‍ ദക്ഷിണ കേരള ബിഷപ്പ് ആയ ധര്‍മ്മരാജ് റസാലം 2020ലാണ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്.