നന്മ ചെയ്യുന്നതിന് മറ്റുള്ളവരെ സ്നേഹിക്കുകയും പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ അവർക്ക് ഏറ്റവും മികച്ചത് നൽകുകയും വേണമെന്ന് സന്നദ്ധപ്രവർത്തകരെ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മംഗോളിയ സന്ദർശനത്തിന്റെ രണ്ടാം ദിനം മംഗോളിയയിൽ ചാരിറ്റി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യഥാർത്ഥത്തിൽ നന്മ ചെയ്യാൻ, ഹൃദയത്തിന്റെ നന്മ അത്യന്താപേക്ഷിതമാണ്: മറ്റുള്ളവർക്ക് വേണ്ടി നല്ലത് അന്വേഷിക്കാനുള്ള പ്രതിബദ്ധത ഉണ്ടാകണം. പ്രതിഫലത്തിനുവേണ്ടിയുള്ള പ്രതിബദ്ധത യഥാർത്ഥ സ്നേഹമല്ല; സ്നേഹത്തിന് മാത്രമേ സ്വാർത്ഥതയെ മറികടക്കാനും ഈ ലോകത്തെ നിലനിർത്താനും കഴിയൂ, ”കാരുണ്യ ഭവനത്തിന്റെ ഉദ്ഘാടന വേളയിൽ പാപ്പാ പറഞ്ഞു.

മംഗോളിയയിലേക്കുള്ള നാലു ദിവസത്തെ സന്ദർശനത്തിലെ അവസാന പരിപാടി ആയിരുന്നു ഉലാൻബാതറിലെ ബയാംഗോൾ ജില്ലയിലെ ഒരു പുതിയ ചാരിറ്റി സംരംഭമായ ‘ഹൗസ് ഓഫ് മേഴ്‌സി’യിലേക്കുള്ള പാപ്പായുടെ സന്ദർശനം. ഗാർഹിക പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുന്നതിനായി സ്ഥാപിച്ചതാണ് ഹൗസ് ഓഫ് മേഴ്‌സി. ഉലാൻബാതറിലെ കാത്തലിക് പ്രിഫെക്ചർ, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് ഓസ്‌ട്രേലിയ, കാത്തലിക് മിഷൻ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.