ബെം​ഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ(ഐഎസ്ആർഒ) ശാസ്ത്രജ്ഞയായ വളർമതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയിരുന്ന ശാസ്ത്രജ്ഞയാണ് വളർമതി. രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ- 3ൻ്റെ വിക്ഷേപണ സമയത്തായിരുന്നു വളർമതി അവസാനമായി കൗണ്ട് ഡൗൺ നടത്തിയത്. 

ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത് ഓഗസ്റ്റ് 23നാണ്. ഇതോടെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതുൾപ്പെടെ നിരവധി കണ്ടെത്തലുകൾ ചന്ദ്രയാന്‍ നടത്തിയിരുന്നു.

14 ദിവസത്തിന് ശേഷം ഇന്നലെ റോവറും ലാൻ്ററും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഒരു ചാന്ദ്രദിവസം അവസാനിച്ചതിന് പിന്നാലെ സൂര്യപ്രകാശം മാറി ഇരുട്ട് പരന്നതിനാലാണ് പ്രവർത്തനം നിലച്ചത്. 14 ദിവസത്തിന് ശേഷം വീണ്ടും ഇവ പ്രവർത്തിച്ചു തുടങ്ങുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. കൊടും തണുപ്പിനെ അതിജീവിക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ലെന്ന കണക്കുകൂട്ടലിൽ പേലോഡുകൾ ഉപയോ​ഗിച്ചുള്ള പഠനങ്ങളൊക്കെ ഐഎസ്ആർഒ നേരത്തെ പൂർത്തിയാക്കിയിരുന്നു. ചന്ദ്രയാൻ- 3 ദീർഘനിദ്രയിലേക്ക് പോയ ദിവസം തന്നെയാണ് വളർമതിയും വിട പറഞ്ഞത്.