ന്യൂയോർക്ക്: ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വെള്ളിയാഴ്ച മുതൽ 11 വരെ ന്യൂയോർക്കിൽ നടക്കും. ലോക കേരളസഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുലർച്ചെ അമേരിക്കയിലേക്ക് തിരിച്ചു.
മുഖ്യമന്ത്രിക്കു പുറമേ മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവരുമുണ്ട്. 10നു രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിലാണ് ലോക കേരളസഭയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുക.
വെള്ളിയാഴ്ച ന്യൂയോർക്കിലെ 9/11 മെമ്മോറിയൽ മുഖ്യമന്ത്രി സന്ദർശിക്കും. യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രിയെത്തും. 11ന് മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. 12ന് വാഷിംഗ്ടണ്‍ ഡിസിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
13ന് മാരിലാൻഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ നേരിട്ട് സന്ദർശിച്ച് മനസിലാക്കുന്ന മുഖ്യമന്ത്രി 14ന് ഹവാനയിലേക്ക് യാത്ര തിരിക്കും. 19നു പുലർച്ചെ കേരളത്തിൽ മടങ്ങിയെത്തും.