കണ്ണൂർ: എസ്എഫ്ഐയെ തകർക്കാൻ നീക്കം നടക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വ്യാജരേഖ ചമച്ച് ജോലി നേടിയ കെ. വിദ്യയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് എസ്എഫ്ഐക്കെതിരേ ഉയരുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്കില്ലെന്നും ഇ.പി. മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ല. അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല.ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകില്ല. ജോലി നേടാൻ തെറ്റായ വഴിയാണ് അവർ സ്വീകരിച്ചത്. മഹാരാജാസിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇ.പി. പറഞ്ഞു.

വ്യാജ രേഖയിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ സംരക്ഷിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയിൽ അല്ലെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരും. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അല്ലെ അന്വേഷണം പ്രഖാപിക്കാൻ സാധിക്കുകയുള്ളുവെന്നും ഇ.പി. പറഞ്ഞു.