മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് കത്തോലിക്കസഭ തൃശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയല്‍. ക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ച കലാപത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് പ്രശ്‌നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കലാപത്തിന് തിരികൊളുത്തിയ ഹൈകോടതിയുടെ സംവരണവിധിക്ക് പിന്നില്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.

അപകട മരണങ്ങളില്‍ ആശ്രിതര്‍ക്ക് ഉടനടി സഹായ വാഗ്ദാനവുമായി ചെല്ലുന്ന പ്രധാനമന്ത്രി, മണിപ്പൂരില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് ഒരു ആശ്വാസവാക്ക് പോലും ഉച്ചരിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നു.