പാലക്കാട് : പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചു വിടും. റവന്യു ജോയിന്റ് സെക്രട്ടറിയുടെ ശുപാർശ മന്ത്രി അംഗീകരിച്ചു. വില്ലേജ് ഓഫീസർക്കെതിരെയും നടപടിയെടുക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. വില്ലേജ് ഓഫീസർ സജിത് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും വില്ലേജ് തല ജനകീയ സമിതി ചേരുന്നതിൽ വീഴ്ച്ച ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. 

കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്.  പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടെത്തിയിരുന്നു.  

മൂന്ന് വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസിൽ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ ആവശ്യക്കാരെ മാസങ്ങളോളം നടത്തിക്കും. സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് സുരേഷ് കൈപറ്റിയത്.