നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) രണ്ട് വർഷത്തിനുള്ളിൽ നിരവധി മനുഷ്യരെ വധിക്കാൻ സാധ്യതയെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേഷ്ടാവ് മാറ്റ് ക്ലിഫോഡ്. എഐ മാതൃകകളെക്കുറിച്ചും ഭാഷകളെക്കുറിച്ചും വിശകലനം നടത്തുന്ന ദൗത്യസംഘത്തിന്റെയും അഡ്‌വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെയും (ഏരിയ) തലവനാണ് മാറ്റ് ക്ലിഫോഡ്. ടെലിവിഷൻ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘സൈബർ ആയുധങ്ങളും അണ്വായുധങ്ങളും നിർമിക്കാൻ എഐയ്ക്കും സാധിക്കും. ഇതു പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കുകയും െചയ്യും. മാനദണ്ഡങ്ങളില്ലാതെ നിർമാണം നടത്തിയാൽ നിർമിത ബുദ്ധി വൻശക്തിയായി മാറുകയും മനുഷ്യനു നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്യും. എഐയുമായി ബന്ധപ്പെട്ട് ഹ്രസ്വകാല, ദീർഘകാല വെല്ലുവിളികൾ നിരവധിയാണ്. പുതിയ തരം അണ്വായുധങ്ങളും വിനാശകരമായ സൈബർ ആക്രമണങ്ങളും നടത്താൻ എഐയ്ക്കു സാധിക്കും. നിർമിത ബുദ്ധി മനുഷ്യനെ തുടച്ചു നീക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മനുഷ്യനേക്കാൾ ശേഷിയുള്ള നിർമിത ബുദ്ധി സൃഷ്ടിക്കുകയും അതിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാതെ വരികയും ചെയ്താൽ ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’’ – മാറ്റ് ക്ലിഫോഡ് പറഞ്ഞു.