തിരുവനന്തപുരം: പ്രതിപക്ഷത്തിനുപിന്നാലെ കെ-ഫോൺ പദ്ധതിക്കായി ഉപയോഗിക്കുന്ന കേബിളിന്റെ ഗുണനിലവാരത്തിൽ വിമർശനമുന്നയിച്ച് ഓഡിറ്റർ ജനറലിന്റെ (എ.ജി.) റിപ്പോർട്ടും. ഒരു കമ്പനി നൽകിയ കേബിളിന്റെ ഒാപ്റ്റിക്കൽഭാഗം പൂർണമായും ചൈനയിൽനിന്ന് ഇറക്കുമതിചെയ്തതെന്ന് ഓഡിറ്റർ ജനറൽ (എ.ജി.)യുടെ കണ്ടെത്തൽ.

കരാർ ഏറ്റെടുത്ത കൺസോർഷ്യത്തിൽ പങ്കാളിയായ എൽ.എസ്. കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഒാപ്റ്റിക്കൽ ഗ്രൗണ്ട് വയർ (ഒ.പി.ജി.ഡബ്ല്യു. ) ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിച്ചിട്ടുണ്ടോയെന്നും ഓഡിറ്റർമാർ സംശയം പ്രകടിപ്പിച്ചു. കേബിളിന് അംഗീകാരം നൽകിയതിലൂടെ കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെ.എസ്.ഐ.ടി.ഐ.എൽ. ഈ കമ്പനിക്ക് അനർഹമായ സഹായം ചെയ്തെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

കെ-ഫോണിന് വാങ്ങുന്ന ഉത്പന്നങ്ങൾ കേന്ദ്രസർക്കാർ നിശ്ചയിച്ച് ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിക്കണമെന്ന് ടെൻഡറിൽ വ്യവസ്ഥയുണ്ട്. ഉത്പന്നഘടകങ്ങളിൽ 55 ശതമാനം പ്രദേശികമായി ഉത്പാദിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ‘മെയ്ക്ക് ഇൻ ഇന്ത്യ’ അംഗീകാരം നൽകാനാവൂ.

എന്നാൽ, ഒ.പി.ജി.ഡബ്ല്യു. കേബിളിന്റെ പരമപ്രധാന ഭാഗം ഒാപ്റ്റിക്കൽ യൂണിറ്റാണ്. കേബിളിന്റെ 60-70 ശതമാനംവരെ വരുമിത്. കൂടാതെ എൽ.എസ്. കേബിളിന്റെ ഹരിയാണയിലെ ഫാക്ടറിയിൽ ഒാപ്റ്റിക്കൽ യൂണിറ്റ് നിർമിക്കാനുള്ള സംവിധാനമില്ല. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ഒാപ്റ്റിക്കൽ യൂണിറ്റിന് അലൂമിനിയത്തിന്റെ ആവരണം നൽകുന്ന ജോലി മാത്രമാണ് എൽ.എസ്. കേബിൾ ഹരിയാണയിൽ ചെയ്യുന്നത്.