കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. മനേജുമെന്റിന്റെ പെരുമാറ്റമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്നത് വലിയ തരത്തിലുള്ള അടിച്ചമർത്തലാണെന്നുള്ള പ്രതികരണവുമായി പ്രമുഖരും രം​ഗത്തു വന്നു. ഇപ്പോഴിതാ, നടി അർച്ചന കവിയുടെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പ്ലസ്ടുവിന് കേരളത്തിൽ പഠിച്ചപ്പോഴുണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു പ്ലസ് ടു കാലഘട്ടമെന്ന് അർച്ചന കവി പറയുന്നു. അദ്ധ്യാപകരുടേയും സ്കൂൾ അധികൃതരുടെയുമൊക്കെ ചിന്താഗതി ഞെട്ടിച്ചു. ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ചാണ് ഇരുത്തിയിരുന്നത്. മിണ്ടാൻ പോലും സമ്മതിക്കുമായിരുന്നില്ല. സൈക്കിളുകൾ പോലും ഒരുമിച്ച് പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നില്ല. കുട്ടി സൈക്കിളുകൾ ഉണ്ടാകുമോ എന്ന ചിന്തയാണോ ഇവരെകൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത് എന്നും താരം ചോദിക്കുന്നു.

അർച്ചന കവിയുടെ വാക്കുകൾ

കേരളത്തിൽ പഠിച്ച ആളാണ് ഞാൻ. നല്ല മാർക്ക് ലഭിക്കാതെ വന്നപ്പോൾ കേരളത്തിൽ പഠിപ്പിക്കാം എന്ന് എന്റെ മാതാപിതാക്കൾ ചിന്തിക്കുകയായിരുന്നു. അതായിരുന്ന അവർക്ക് മുന്നിലുള്ള ബെസ്റ്റ് ചോയിസ്. അങ്ങനെ ഞാൻ കേരളത്തിലേയ്‌ക്ക് വന്നു. എന്നാൽ, എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അത്. അദ്ധ്യാപകരുടേയും സ്കൂൾ അധികൃതരുടെയുമൊക്കെ ചിന്താഗതി എന്നെ ഞെട്ടിച്ചു കളഞ്ഞു. എങ്ങനെയാണ് അവർക്ക് അങ്ങനെ ചിന്തിക്കാൻ സാധിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

നമ്മൾ സ്‌കൂളിൽ പോകുന്നത് നാളെ നല്ലൊരു നിലയിലെത്താൻ വേണ്ടിയാണ്. അത് ഈ ടെക്സ്റ്റ് ബുക്കിൽ നിന്നു മാത്രമേ കിട്ടുകയുള്ളോ? എനിക്ക് മനസിലാകാത്തൊരു കാര്യമാണിത്. വ്യക്തിത്വ വികസനം എന്നൊന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ട് ജെന്റർ വേർതിരിക്കുകയാണ്. ആണുങ്ങൾ ഒരു വശത്ത്, പെണ്ണുങ്ങൾ മറ്റൊരു വശത്ത്. അവരുടെ സൈക്കിളുകൾ വേറെ വേറെ. സൈക്കിളുകൾ പോലും ഒരുമിച്ച് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഏന്തേ കുട്ടി സൈക്കിളുകൾ ഉണ്ടാകുമോ? ഈ ലോജിക്ക് എനിക്ക് മനസിലാകുന്നില്ല.

ഈ വിദ്യാഭ്യാസ കാലം കഴിഞ്ഞാൽ നിങ്ങളുടെ ചിന്താഗതിയും ഇങ്ങനെയാകും. മൂന്ന് വർഷത്തെ ജീവിതം കൊണ്ട് ചെക്കന്മാരോട് സംസാരിച്ചാൽ കുഴപ്പമാണെന്ന് തോന്നും. നിങ്ങൾ നാളെ ഒരു ഓഫീസിലോ മറ്റോ ചെല്ലുമ്പോൾ മറ്റൊരു ജെന്ററിലുള്ള അധികാരിയോടോ സഹപ്രവർത്തകരോടോ സംസാരിക്കാൻ സാധിക്കുമോ ? അവനവന്റെ അവകാശങ്ങളെ കുറിച്ച് എഴുന്നേറ്റ് നിന്ന് സംസാരിക്കാനാകണം. സ്വയം എക്‌സ്പ്രസ് ചെയ്യാനാകണം. അതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിപ്പിക്കേണ്ടത്. എതിർ ലിംഗത്തോട് നമുക്ക് ആകർഷണം തോന്നും. അതൊക്കെ സ്വാഭാവികമാണ്.