ഷാജി രാമപുരം

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അറ്റ്‌ലാന്റയില്‍ ഏകദേശം 42 ഏക്കറോളം വരുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ആരംഭിച്ച ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്ററില്‍ പുതിയതായി നിര്‍മ്മാണം ആരംഭിക്കുന്ന റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് സമുച്ചയത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ജൂണ്‍ 3 ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് നിര്‍വഹിച്ചു.

ഭദ്രാസന സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം കല്ലൂപ്പാറ, ട്രഷറാര്‍ ജോര്‍ജ് പി.ബാബു, വികാരി ജനറാള്‍ വെരി.റവ.ടി. കെ മാത്യു, റവ. സ്‌കറിയ വര്‍ഗീസ് (വൈസ്. പ്രസിഡണ്ട് കര്‍മ്മേല്‍ സെന്റര്‍),ലീ റൈഫണ്‍ (കോണ്‍ട്രാക്ടര്‍) കൂടാതെ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസനത്തിലെ എല്ലാ വൈദീകരും, അസംബ്ലി അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു വലിയ സദസ്സ് ചടങ്ങിന് സാക്ഷിയായി.

അറ്റ്‌ലാന്റയിലെ സാന്‍ഡി സ്പ്രിങ്‌സ് റോസ്‌വെല്‍ മെട്രോപൊളിറ്റന്‍ ഏരിയായില്‍ ഓള്‍ഡ് സ്‌റ്റോണ്‍ മൗണ്ടന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന കര്‍മ്മേല്‍ മാര്‍ത്തോമ്മാ സെന്റര്‍ ഏകദേശം 2200 ല്‍ പരം ജനങ്ങള്‍ക്ക് ഇരിപ്പടമുള്ള മനോഹരമായ ദേവാലയവും അതിനോടനുബന്ധിച്ച് 200 ല്‍ പരം പേര്‍ക്ക് ഇരിക്കാവുന്ന മറ്റൊരു ആലയവും, ഇന്‍ഡോര്‍ കോര്‍ട്ട് കൂടാതെ 36 ക്ലാസ്സ്‌റൂം ഉള്ള ബഹുനില സ്‌കൂള്‍ കെട്ടിടം തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ഉള്ള ഒരു വലിയ കേന്ദ്രം ആണ്.

ഏകദേശം 6 മില്യന്‍ ഡോളര്‍ മുടക്കി വാങ്ങിയ ഈ കേന്ദ്രത്തിന്റെ സാമ്പത്തിക ബാദ്ധ്യതകള്‍ എല്ലാം തീര്‍ത്ത് പുതിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിക്കുന്നത് തികച്ചും ദൈവാനുഗ്രഹവും, വിശ്വാസ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ സഹകരണവും ഉണ്ടായതുകൊണ്ടാണന്ന് ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു.

2018 സെപ്തംബറില്‍ സ്വന്തമാക്കിയ ഈ സ്ഥാപനം ഇന്ന് മാര്‍ത്തോമ്മാ സഭയ്ക്ക് നോര്‍ത്ത് അമേരിക്കയില്‍ എന്നും അഭിമാനിക്കുവാന്‍ ഇടം നല്‍കുന്ന ഒരു കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നത് ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ.മാര്‍ ഫിലിക്‌സിനോസിന്റെ പ്രവര്‍ത്തന മണ്ഡലത്തിലെ നേതൃപാടവത്തിന് ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയാണ്.