ജൂണില്‍ ഒ.ടി.ടിയിലും വമ്പന്‍ സിനിമകള്‍ എത്തുന്നു. മലയാളത്തില്‍ നിന്നും ‘2018’ എത്തുമ്പോള്‍ ഹോളിവുഡ് ചിത്രം ‘അവതാര്‍ 2’വും ഇന്ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യും തമിഴ് ചിത്രം ‘പിച്ചൈക്കാരനും’, ഹോളിവുഡ് ചിത്രം ‘എക്‌സ്ട്രാക്ഷന്‍ 2’വും ഈ മാസം ഒ.ടി.ടിയില്‍ എത്തും.

ജൂഡ് ആന്തണി ചിത്രം 2018 ഇന്ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് സോണി ലിവില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമ തിയേറ്ററില്‍ എത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവു എന്ന കരാര്‍ ലംഘിച്ചതിനാല്‍ തിയേറ്ററുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. ബോക്‌സോഫീസില്‍ 150 കേടിയിലേറെ കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് അവതാര്‍: ദ വേ ഓഫ് വാട്ടര്‍. തിയേറ്ററില്‍ റിലീസ് ചെയ്ത് 6 മാസത്തിന് ശേഷമാണ് ചിത്രം ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തിരിക്കുന്നത്. ആഗോള ബോക്‌സോഫീസില്‍ നിന്നും ഏകദേശം 2.32 ബില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണിത്.

സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സാം ഹാര്‍ഗ്രേവ് സംവിധാനം ചെയ്ത എക്‌സ്ട്രാക്ഷന്‍ 2 ജൂണ്‍ 16ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. 2020ല്‍ പുറത്തിറങ്ങിയ എക്‌സ്ട്രാക്ഷന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.