കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതോടെ ഒഴിവു വന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം നടത്തുന്നതായുള്ള റിപോര്‍ടുകള്‍ പുറത്ത്. അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് സൂറത് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുലിന് പദവി നഷ്ടമായത്. ബി ജെ പി നേതാവിന്റെ പരാതിയിലാണ് കോടതിയുടെ നടപടി.

സംഭവം നടന്ന് മാസങ്ങളായിട്ടും ഇതുവരെ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല. മേല്‍കോടതിയില്‍ അപീല്‍ നല്‍കിയിട്ടും അയോഗ്യത തുടരുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പഴ്‌സനല്‍ സ്റ്റാഫിനെ കേന്ദ്ര സര്‍കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കലക്ടറേറ്റില്‍ ആരംഭിച്ചത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതു മുതല്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വ്യാപകമാണെങ്കിലും, ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമിഷന്‍ ഔദ്യോഗികമായി നടപടികള്‍ സ്വീകരിക്കുന്നത് ഇതാദ്യമാണ്. കോഴിക്കോട് കലക്ടറേറ്റില്‍ വോടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചതായും ഇതിനായി കലക്ടറേറ്റില്‍ എത്താന്‍ വിവിധ രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളോട് ഉള്‍പെടെ ആവശ്യപ്പെട്ടതായുമാണ് വിവരം.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ഡെപ്യൂടി കലക്ടറാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക് പോള്‍ ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ആശ്വാസ കേന്ദ്രം ഗോഡൗണില്‍ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക് പോള്‍ പൂര്‍ത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നുമാണ് ഡെപ്യൂടി കലക്ടറുടെ പേരിലുള്ള നോടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ല്‍ ടി സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച ശേഷമായിരുന്നു വയനാട്ടിലേക്ക് രാഹുലിന്റെ വരവ്. നേതാവിനു വേണ്ടി സന്തോഷപൂര്‍വം വഴി മാറിയ സിദ്ദീഖ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്‍പറ്റയില്‍ നിന്നുളള നിയമസഭാംഗമാണിപ്പോള്‍. തിരക്കുകള്‍ക്കിടയിലും വയനാടിനെ കൃത്യമായി പരിചരിച്ചു വന്ന ലോക്‌സഭാംഗമാണ് രാഹുല്‍ഗാന്ധി.

അഞ്ചുദിവസം മുന്‍പും രാഹുല്‍ മണ്ഡലത്തിലെത്തിയിരുന്നു. ദേശീയ പ്രതിപക്ഷ ചേരിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ട എന്ന അഭിപ്രായമുണ്ടെങ്കിലും 2024 ലും അദ്ദേഹം വയനാട്ടില്‍ തന്നെ മത്സരിക്കുമെന്നായിരുന്നു സൂചന.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നപക്ഷം സ്ഥാനാര്‍ഥി ആരായാലും രാഹുലിന്റെ ലോക്‌സഭാ രക്തസാക്ഷിത്വമാകും ചര്‍ചാവിഷയം. രാഹുല്‍ തന്നെയാകും പ്രചാരണവും നയിക്കുക. പ്രിയങ്കയെ വായനാട്ടില്‍ മത്സരിപ്പിക്കും എന്നരീതിയില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ബിജെപിയുടെ ഫാഷിസ്റ്റ് നടപടികള്‍ വരുത്തിവച്ച ഉപതിരഞ്ഞെടുപ്പ് എന്നതാകും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ചിത്രം. വയനാട്ടില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ബിജെപിക്കും കഴിയില്ല. ഈ സാഹചര്യത്തില്‍ സിപിഎം എന്തു നിലപാടെടുക്കും എന്നതാണ് പ്രധാനം.