ജയ്പൂർ: കുട്ടിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം പരമപ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞ രാജസ്ഥാൻ ഹൈകോടതി, ഡിഎൻഎ പിതൃത്വ പരിശോധന അപൂർവങ്ങളിൽ അപൂർവമോ അസാധാരണമായതോ ആയ കേസുകളിൽ മാത്രമേ നടത്താൻ കഴിയൂവെന്ന് സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. വിവാഹമോചനമെന്ന നിയമപോരാട്ടത്തിൽ ഭാര്യാഭർത്താക്കന്മാർക്ക് കുട്ടിയെ ചട്ടുകമാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹമോചനക്കേസിൽ പിതാവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. പുഷ്പേന്ദ്ര സിംഗ് ഭാട്ടി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

ഡിഎൻഎ ടെസ്റ്റ് കുട്ടിയുടെ സ്വത്തിലേക്കുള്ള അവകാശം, അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, വിശ്വസിക്കാനുള്ള അവകാശം എന്നിവയെ ലംഘിക്കുന്നതാണെന്ന് ഹൈകോടതി പറഞ്ഞു. ഇതിന് പുറമെ മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും ലഭിക്കുന്നതിന്റെ കുട്ടിയുടെ അവകാശത്തെയും ബാധിക്കുന്നു. ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യം പരിഗണിക്കുമ്പോൾ കുട്ടിയുടെ താത്പര്യത്തിനാണ് കോടതി പ്രാധാന്യം നൽകുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.

മകന്റെ ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ വിവാഹമോചന ഹർജിയിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം നിരസിച്ച ഉദയ്പൂർ കോടതിയുടെ ഉത്തരവിനെതിരെയാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. ഡിഎൻഎ പരിശോധനാ റിപ്പോർട്ടിൽ കുട്ടിയുടെ പിതാവ് ഇയാളല്ലെന്ന് തെളിഞ്ഞതായി ഹർജിയിൽ പറയുന്നു.

ഈ കേസിൽ ഇരുവരും 2010ൽ വിവാഹിതരായെന്നും 2018 ഏപ്രിലിലാണ് കുട്ടി ജനിച്ചതെന്നും ഹർജി തള്ളിക്കൊണ്ട് ഹൈകോടതി പറഞ്ഞു. 2019 ജനുവരി അഞ്ചിന് ഭാര്യ ഭർത്താവിന്റെ വീട് വിട്ടു. കുട്ടിയുടെ ജനനസമയത്ത് ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചാണ് ജീവിച്ചിരുന്നതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്, അതായത് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് സാഹചര്യമുണ്ടായിരുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടതുള്ളൂ. ഡിഎൻഎ ടെസ്റ്റിന്റെ ഫലം ഉപയോഗിച്ച് വ്യഭിചാരത്തിന്റെ പേരിൽ വിവാഹമോചനം നേടാനുള്ള ആയുധമായി ഉപയോഗിക്കാനാവില്ലെന്നും വിധിയിൽ പറയുന്നു.