കൊച്ചി: സമൂഹമാധ്യമം വഴി ഷെയ്മിങ് നടത്തിയാള്‍ക്ക് മറുപടിയുമായി നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. ബ്രിടീഷ് കൊളംബിയ സര്‍വകലാശാലയിലെ ബിരുദ ദാനചടങ്ങില്‍ കേരള സാരി ധരിച്ച ചിത്രങ്ങള്‍ ഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാള്‍ ബോഡി ഷെയ്മിങ് കമന്റുമായി എത്തിയത്.

‘അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വസ്ത്രം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍ സ്മാര്‍ടാക്കും’എന്നായിരുന്നു കമന്റ്. എന്നാല്‍ ഇതിന് കിടിലന്‍ മറുപടിയാണ് താരപുത്രി നല്‍കിയത്.

‘ആരും ചോദിച്ചില്ലെങ്കിലും താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എനിക്ക് ചേരുമെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ഇനിയും ധരിക്കും. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്ന വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാന്‍ പരമ്പരാഗതമായ കേരള സാരി ധരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തേയും വസ്ത്രത്തേയും കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം കാര്യം ശ്രദ്ധിക്കൂ.’ -ഭാഗ്യ കുറിച്ചു. ഭാഗ്യ സുരേഷിന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്.