ഗാന്ധിനഗർ: ഗുജറാത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഗൗരവ് ഗാന്ധി അന്തരിച്ചു. 41 കാരനായ ഇദ്ദേഹം തന്റെ കരിയറിൽ 16,000 ലധികം ഹൃദയ ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. രാത്രി ഉറങ്ങാൻ കിടന്ന ഗൗരവ് ഗാന്ധി രാവിലെ ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം പൂർണ ആരോഗ്യവാൻ ആയിരുന്നുവെന്നും മരണത്തിന് മണിക്കൂറുകൾ മുമ്പ് വരെ രോഗികളെ ചികിത്സിച്ചിരുന്നുവെന്നും പറയുന്നു.

ഗുജറാത്തിലെ ജാംനഗർ സ്വദേശിയാണ് ഗൗരവ് ഗാന്ധി. ‘കഴിഞ്ഞ ദിവസം രാത്രി വരെ അദ്ദേഹം രോഗികളെ പരിചരിച്ചിരുന്നു. അത് കഴിഞ്ഞ് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. പെരുമാറ്റത്തിൽ വ്യത്യാസമോ ആരോഗ്യ പ്രശ്‌നമോ ഉണ്ടായിരുന്നില്ല’, ബന്ധുക്കൾ പറഞ്ഞു.

ഗൗരവ് ഗാന്ധി ജാംനഗറിൽ എംബിബിഎസും എംഡിയും പഠിച്ച ശേഷം അഹ്‌മദാബാദിലാണ് തുടർപഠനം പൂർത്തിയാക്കിയത്. തുടർന്ന് ജാംനഗറിലെ ഹൃദ്രോഗികളെ ചികിത്സിക്കുന്നതിനായി സ്വയം സമർപ്പിച്ചു. ഇവിടെ അദ്ദേഹം തന്റെ അസാധാരണമായ മെഡിക്കൽ സേവനത്തിന് പെട്ടെന്ന് പ്രശസ്തി നേടി. അതിനിടെയാണ് യാദൃശ്ചികമായി വിടവാങ്ങിയത്. ദന്തഡോക്ടറായ ദേവാൻഷിയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.