ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ദേശിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

ജൂണ്‍ 15-ന് മുന്‍ ബ്രിജ് ഭൂഷണെതിരായ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്‍മേലാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഗുസ്തി താരങ്ങള്‍ക്കെതിരായ എഫ്ഐആറുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും. ജൂണ്‍ 15-നുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം തുടരാനാണ് തീരുമാനമെന്നും ബജ്റംഗ് പൂനിയ അറിയിച്ചു.

ഇന്ന് രാവിലെ 11 മണിക്കാരംഭിച്ച ചര്‍ച്ച വൈകുന്നേരമാണ് അവസാനിച്ചത്. ബജ്റംഗ് പൂനിയക്കൊപ്പം സാക്ഷി മാലിക്കുമുണ്ടായിരുന്നു. പ്രതിഷേധത്തിലെ പ്രധാനികളില്‍ ഒരാളായ വിനേഷ് ഫോഗട്ടിന് യോഗത്തില്‍ പങ്കെടുക്കാനായില്ല. ഹരിയാനയിലെ തന്റെ ഗ്രാമത്തിലെ മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് വിനേഷിന് ഡല്‍ഹിയിലെത്താന്‍ കഴിയാതെ പോയത്.

“ഗുസ്തി താരങ്ങളുമായി ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയുണ്ടായി. ജൂണ്‍ 15-ാം തീയതിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുമെന്നും ഉറപ്പ് നല്‍കി. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 30-ന് നടക്കും,” അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.

ബ്രിജ് ഭൂഷണെതിരായ സമരം ഏപ്രില്‍ 23-നാണ് ഗുസ്തി താരങ്ങള്‍ പുനരാരംഭിച്ചത്. പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് നടപടി സ്വീകരിച്ചിരുന്നു. പ്രമുഖ ഗുസ്തി താരങ്ങളെ ഉള്‍പ്പടെ തെരുവിലൂടെ വലിച്ചിഴച്ചു. ഇതില്‍ പ്രതിഷേധിച്ച് തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലെറിയാന്‍ ഗുസ്തി താരങ്ങള്‍ തയാറായിരുന്നു. കര്‍ഷക നേതാക്കളുടെ ഇടപെടലാണ് കടുത്ത തീരുമാനത്തില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിച്ചത്.