ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ മുന്‍നിരയിലെത്തി ദുബായിയും അബൂദാബിയും. ചൊവ്വാഴ്ച പുറത്തിറക്കിയ മെര്‍സറിന്റെ ജീവിതച്ചെലവ് 2023 റിപ്പോര്‍ട്ട് അനുസരിച്ച്, ദുബായും അബുദാബിയും ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ 18-ഉം 43-ഉം സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യഥാക്രമം 13, 18 സ്ഥാനങ്ങള്‍ കയറിയാണ് പുതിയ പട്ടികയിലെ സ്ഥാനം. ആഗോള റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ടെല്‍ അവീവ്, മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചെലവേറിയ നഗരമായി തുടരുന്നു.

ദുബായില്‍ വെണ്ണ, പാചക എണ്ണ, പഞ്ചസാര, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുടെ വില യഥാക്രമം 23.5 ശതമാനം, 6.9 ശതമാനം, 3.8 ശതമാനം, 15.4 ശതമാനം എന്നിങ്ങനെ ഉയര്‍ന്നതായി വാര്‍ഷിക പഠനം വെളിപ്പെടുത്തി. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 227 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ നഗരത്തിലെയും പാര്‍പ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വിനോദം എന്നിവയുള്‍പ്പെടെ 200-ലധികം ഇനങ്ങളുടെ താരതമ്യ വില കണക്കാക്കിയാണ് ജീവിതച്ചെലവ് പട്ടികയ്ക്ക് രൂപം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ദുബായിയും അബൂദാബിയും മാത്രമല്ല, ഗള്‍ഫ് മേഖലയിലെ മിക്കവാറും എല്ലാ നഗരങ്ങളുടെയും റാങ്കിംഗ് ജീവിതച്ചെലവ് വര്‍ദ്ധന കാരണം ഇത്തവണ കുതിച്ചുയര്‍ന്നു. മേഖലയിലെ മറ്റു നഗരങ്ങളില്‍, റിയാദ് 85-ാം സ്ഥാനത്തും (18 സ്ഥാനങ്ങള്‍ ഉയര്‍ന്ന്) ജിദ്ദ 101-ാം സ്ഥാനത്തും (10 സ്ഥാനങ്ങള്‍ ഉയര്‍ന്ന്), ദോഹ 126-ാം സ്ഥാനത്തും (ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന്), മസ്‌കറ്റ് 130-ാം സ്ഥാനത്തുമാണ് ഉള്ളത്. ഇവിടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജീവിതച്ചെലവ് വര്‍ധന വലിയ തോതില്‍ പ്രതിഫലിക്കാത്ത നഗരമാണ് മസ്‌ക്കറ്റ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 സ്ഥാനങ്ങള്‍ താഴെയാണ് ജീവിതച്ചെലവ് പട്ടികയിലെ മസ്‌ക്കറ്റിന്റെ സ്ഥാനം.

റാങ്കിംഗില്‍ ഉയര്‍ന്നെങ്കിലും, മറ്റു പ്രമുഖ ആഗോള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയുടെ ആപേക്ഷിക ജീവിതച്ചെലവ് മത്സരാധിഷ്ഠിതമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പം, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, ഭവന ചെലവുകള്‍ തുടങ്ങിയ ഘടകങ്ങളാണ് പട്ടികയിലെ ഈ രണ്ട് നഗരങ്ങളുടെ റാങ്കിംഗ് ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. യുഎഇയിലും ഗള്‍ഫ് മേഖലയിലും ഈ വര്‍ഷം പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഗതാഗതം, ഭക്ഷണം, പാനീയങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധനവ് ചെറുതാണ് എന്നതിനാല്‍ രാജ്യത്തെ പണപ്പെരുപ്പം 3.2 ശതമാനമായി കുറയുമെന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവചനം.

അതേസമയം, യുഎഇയിലെ തൊഴിലുടമകള്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും 2023-ല്‍ സ്ഥാപനങ്ങള്‍ ശരാശരി 4.2 ശതമാനം വാര്‍ഷിക മെറിറ്റ് വര്‍ദ്ധനവ് നല്‍കിയിട്ടുണ്ടെന്നും മെര്‍സര്‍ അഭിപ്രായപ്പെടുന്നു. പലരും അവരുടെ പ്രതിഫല പാക്കേജുകള്‍ അവലോകനം ചെയ്യുന്നുണ്ട്. ദീര്‍ഘകാല പ്രതിബദ്ധതയില്ലാതെ ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമെന്ന രീതിയില്‍ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനുപകരം ബോണസുകള്‍ വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മെര്‍സറിന്റെ അന്വേഷണത്തില്‍ ബോധ്യമായത് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം സ്ഥാപനങ്ങളും അവരുടെ 2023 ലെ പോളിസികള്‍ അവലോകനം ചെയ്ത് ഹൗസിംഗ് അലവന്‍സുകള്‍ കരിയര്‍ ലെവലിനെ അടിസ്ഥാനമാക്കി ശരാശരി 5 മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.

ജീവിതച്ചെലവ് റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍, ഹോങ്കോംഗ് വീണ്ടും റാങ്കിംഗില്‍ ഒന്നാമതെത്തി. തൊട്ടുപിന്നാലെ ആറ് സ്ഥാനങ്ങള്‍ മുന്നേറിയ സിംഗപ്പൂരും സൂറിച്ചും. ജനീവ, ബാസല്‍, ന്യൂയോര്‍ക്ക് സിറ്റി, ബേണ്‍, ടെല്‍ അവീവ്, കോപ്പന്‍ഹേഗന്‍, നസ്സാവു (ബഹാമസ്) എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് നഗരങ്ങള്‍. ഇസ്ലാമാബാദ്, കറാച്ചി, ഹവാന, ബിഷ്‌കെക്ക്, ദുഷാന്‍ബെ, വിന്‍ഡ്ഹോക്ക് (നമീബിയ), അങ്കാറ, ഡര്‍ബന്‍, ടുണിസ്, താഷ്‌കന്റ് എന്നിവയാണ് ചെലവ് കുറഞ്ഞ നഗരങ്ങള്‍.