കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഏതൊരു വ്യക്തിക്കും ഏത് പ്രായത്തിലും നേരിടാം. എന്നാല്‍ സ്ത്രീകളെ ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നതായി കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് 30 വയസ്സിനു ശേഷം മിക്ക സ്ത്രീകള്‍ക്കും വൃക്ക സംബന്ധമായ അസുഖങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെക്കുറിച്ച് അറിയാം.

സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തിലുടനീളം പല തരത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ നേരിടേണ്ടതായി വരും. ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ 30 വയസ്സിന് മുമ്പും ശേഷവും സംഭവിക്കുന്നു. ഹോര്‍മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍, പ്രത്യേകിച്ച് ഈസ്ട്രജന്‍, വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ആരോഗ്യകരമായ രക്തക്കുഴലുകള്‍ നിലനിര്‍ത്തുന്നതിലും വൃക്കകളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുന്നതിലും ഈസ്ട്രജന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജന്റെ അളവിലുള്ള അസന്തുലിതാവസ്ഥ മൂലം വൃക്കരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കാം. ഇത് മൂലം വൃക്കയില്‍ അണുബാധ, സിസ്റ്റ്, കല്ല് എന്നിവ നേരിടേണ്ടിവരാം. 

പ്രസവിച്ച സ്ത്രീകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും ഘട്ടത്തില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഗര്‍ഭകാലത്ത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ നേരിടേണ്ടിവരുന്ന സ്ത്രീകള്‍ക്ക് പിന്നീട് വൃക്ക തകരാറുകള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ പ്രസവശേഷം സ്ത്രീകള്‍ വൃക്കകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. 

ദീര്‍ഘകാലമായി തുടരുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ മൂലം സ്ത്രീകളില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളും വൃക്കകള്‍ തകരാറിലാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഇവയുളള സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

മോശം ജീവിതശൈലി വൃക്കകളുടെ പ്രവര്‍ത്തനത്തെ വളരെ മോശമായി ബാധിക്കും. പുകവലി, അമിതമായ മദ്യപാനം, സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍, പഞ്ചസാര, എന്നിവയുടെ അമിത ഉപഭോഗം വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ കിഡ്നിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തില്‍ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.