എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച പരാതിയിൽ പൊലീസ് കേസെടുത്തു. കോളേജിലെ പൂർവ്വവിദ്യാർഥിനിക്കെതിരെയാണ് കോളേജ് പ്രിൻസിപ്പാൾ പരാതി നൽകിയത്. കോളേജിന്‍റെ സീലും വൈസ് പ്രിൻസിപ്പാലിന്‍റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായി ജോലി ചെയ്തതായി രേഖ ചമച്ചെന്നാണ്  പരാതി.

അട്ടപ്പാടി ഗവൺമെന്‍റ് കോളേജിൽ അഭിമുഖത്തിന് ഹാജരായതോടെയാണ് കളളം പുറത്തുവന്നത്. ഹാജരാക്കിയ രേഖകളിൽ സംശയം തോന്നിയ കേളേജ് അധികൃതർ മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് തെളിഞ്ഞു. തുടർന്ന്  മഹാരാജാസ് കോളേജ് പൊലീസിൽ പരാതി നൽകി.

ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവർ പാലക്കാട് ഉൾപ്പെടെ ചില സർക്കാർ കോളേജിൽ ജോലി ചെയ്തിരുന്നു. തുടർച്ചയായി സർക്കാർ കോളേജുകളിൽ ഇവർക്ക് ലഭിച്ച നിയമനങ്ങൾ ഉന്നത രാഷ്ട്രീയ ഇടപെടലിലൂടെയാണെന്നും ആരോപണമുണ്ട്. മറ്റൊരു കോളേജിൽ അഭിമുഖത്തിനെത്തിയെങ്കിലും പാനലിൽ മഹാരാജാസ് കോളേജിലെ അധ്യാപിക ഉണ്ടായിരുന്നതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. എന്നാൽ അട്ടപ്പാടിയിൽ അഭിമുഖത്തിനിടെ പിടിക്കപ്പെടുകയായിരുന്നു.