അഹമ്മദാബാദ്: വര്‍ഗീയച്ചുവയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യാഷ് ദയാല്‍. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്‍റെ അറിവില്ലാതെ രണ്ട് പോസ്റ്റുകള്‍ തന്‍റെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും യാഷ് ദയാല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യാഷ് ദയാല്‍ പറഞ്ഞു. എല്ലാ സമുദായങ്ങളോടും തനിക്ക് ഒരേ ബഹുമാനമാണുള്ളതെന്നും തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വന്ന രണ്ട് പോസ്റ്റുകളും തന്‍റെ വിശ്വാസമല്ലെന്നും യാഷ് ദയാല്‍ വിശദീകരിച്ചു.

ദില്ലിയില്‍ പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെടുത്തിയുള്ള കാര്‍ട്ടൂണ്‍ ആണ് യാഷ് ദയാലിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ആയിരുന്നു ഇത്. ഇത് വിവാദമായതിന് പിന്നാലെ പോസ്റ്റുകള്‍ ഡീലിറ്റ് ചെയ്ത യാഷ് ദയാല്‍ തനിക്ക് എല്ലാ സമുദായത്തോടും ഒരുപോലെ ബഹുമാനമുണ്ടെന്നും വെറുപ്പ് പടര്‍ത്തരുതെന്നും വിവാദ പോസ്റ്റില്‍ മാപ്പു പറയുന്നുവെന്നും യാഷ് ദയാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പെ ദയാലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സ്ക്രീന്‍ ഷോട്ടുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.