കോഴിക്കോട്: വിവാദ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി ഏതു സമയവും പൂട്ടിയേക്കുമെന്ന് ഉടമയും മാനേജിങ് എഡിറ്ററുമായ ഷാജൻ സ്‌കറിയ. അദ്ദേഹം ഏതാനും സമയം മുമ്പ് മറുനാടൻ മലയാളിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. മറുനാടൻ മലയാളിയുടെ ഫേസ്ബുക്ക് പേജും ഓൺലൈൻ ടി.വിയായ മറുനാടൻ ടി.വിയും ഹാക്ക് ചെയ്ത സാഹര്യത്തിലാണ് ഷാജൻ സ്‌കറിയയുടെ പ്രതികരണം.

ഇന്നലെ വൈകീട്ടോടെയാണ് പോർട്ടലിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത്. അതിനാൽ ഇന്നലെ രാത്രി 9 മണിക്ക് ശേഷം ഫേസ്ബുക്ക് പേജിൽ പുതിയ വാർത്തകളൊന്നും പങ്ക് വച്ചിട്ടില്ല. യൂടൂബ് പേജിൽ വീഡിയോകളും പുതിയത് ഇല്ല.

തന്റെ സ്ഥാപനത്തിനെതിരായ നീക്കത്തിന് പിന്നിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവർ ആയിരിക്കാമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതുപോലെ പിണറായിസ്റ്റുകൾ, ഇസ്ലാമിസ്റ്റുകൾ, വൻകിട വ്യവസായി പ്രമുഖൻ എന്നിവർ തനിക്കെതിരേ യുദ്ധ പ്രഖ്യാപനത്തിലാണെന്നും അദ്ദേഹം വീഡിയോയിൽ ആരോപിച്ചു.

ഏതാനും ദിവസങ്ങളായി മറുനാടൻ മലയാളിക്കെതിരേ അൻവർ എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പുകൾ ഇട്ട് വരികയായിരുന്നു. യൂട്യൂബ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് കഴിഞ്ഞദിവസം കുറിപ്പിട്ട അൻവർ, പോർട്ടൽ പൂട്ടിക്കെട്ടുമെന്ന് ഇന്ന് രാവിലെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

നേരത്തെ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത കേസിൽ വ്യവസായി എം.എ യൂസുഫലി നൽകിയ കേസിൽ ഡൽഹി ഹൈക്കോടതി മറുനാടൻ മലയാളിയെ താക്കീത് ചെയ്യുകയും വ്യാജ വാർത്തകൾ നീക്കംചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു.