നിരവധി പ്രശ്നങ്ങൾ കാരണം പ്രതിസന്ധിയിലായ ചൈനയിലെ ഐഫോൺ നിർമ്മാണ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാൻ ഫോക്സ്കോൺ . തായ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോൺ ബെംഗളൂരുവിൽ 300 കോടി രൂപയ്‌ക്ക് 300 ഏക്കര്‍ സ്ഥലം വാങ്ങിയത് ഈ ലക്ഷ്യത്തോടെയായിരുന്നു .

ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്‌ട്രി എന്ന ഔദ്യോഗിക പേരിലും അറിയപ്പെടുന്ന ഫോക്‌സ്‌കോൺ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങൾ നിര്‍മിച്ചു നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളൊന്നാണ്. ആപ്പിളിന് ഏറ്റവും കൂടുതൽ ഐഫോണുകൾ നിര്‍മിച്ചു നല്‍കുന്നതും ഫോക്സ്കോൺ തന്നെ.

2024 ഏപ്രിലോടെ ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളി പ്ലാന്റിൽ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം . നിർമ്മാണ പ്രക്രിയ സുഗമമാക്കുന്നതിന് കമ്പനിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജൂലൈ ഒന്നിനകം സജ്ജമാക്കി നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.”നിർമ്മാണ പ്രക്രിയ സുഗമമാക്കുന്നതിന് വെള്ളം, ഗുണനിലവാരമുള്ള വൈദ്യുതി വിതരണം, റോഡ് കണക്റ്റിവിറ്റി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീൽ പറഞ്ഞു.

ദേവനഹള്ളിയിലെ പ്ലാന്റിൽ പ്രതിവർഷം 2 കോടി ഐഫോണുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.കൊറോണയുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ കാരണം രാജ്യത്ത് പുതിയ ഐഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉത്പാദനം തടസ്സപ്പെട്ടതിനെത്തുടർന്നാണ് ആപ്പിൾ ചൈനയിൽ നിന്ന് ഉത്പാദനം മാറ്റുന്നത്.