ഭുവനേശ്വർ: ഒഡിഷയിലെ ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്. 288 പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ട്രെയിൻ കടത്തിവിട്ടത്. ട്രെയിൻ പോകുന്ന സമയം ട്രാക്കിനരികെ നിന്ന് മന്ത്രി ലോക്കോ പൈലറ്റുമാർക്ക് കൈവീശി കാണിക്കുകയും കൈ കൂപ്പുകയും ചെയ്തു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ട്രെയിൻ ​ഗതാ​ഗ​തം ഭാ​ഗമികമായി പുനഃസ്ഥാപിച്ചത്. 

ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.