കമ്പം:  തമിഴ്നാട്ടിൽ നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം.

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും. 

അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യവലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്. ആനയെ ലോറിയിൽ കയറ്റി.

പുലർച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടിവെച്ചത്. വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലായിരുന്നു പുലർച്ചെ ആനയുണ്ടായിരുന്നത്. എവിടേക്കാകും ആനയെ മാറ്റുകയെന്നത് തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നില്ല. വെള്ളിമലയിലേക്കാകും ആനയെ മാറ്റുകയെന്നാണ് നിലവിലെ സൂചന. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ തുമ്പികൈയിലേറ്റ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കും. ഏതെങ്കിലും രീതിയിൽ ചികിത്സ നൽകേണ്ടതുണ്ടോയെന്നും പരിശോധിച്ച് തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകിയ ശേഷമാകും ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടുക. 

കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. 

അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ നിരോധനാജ്ഞയുണ്ട്.