മലപ്പുറം: ചങ്ങരംകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ് നടത്തിയ കേച്ചേരി സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിലായി. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്പിൽ സബീഷ്(33) നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. രോഗിയായ ചങ്ങരംകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച് മൊബൈൽ നമ്പർ വാങ്ങുകയും പിന്നീട് മൊബൈലിൽ വിളിച്ച് അശ്ലീല സംഭാഷണങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു.

വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ചൈൽഡ് ലൈൻ നൽകിയ പരാതിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.