മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തെ പരോക്ഷമായി തള്ളിക്കൊണ്ട് മന്ത്രി എം ബി രാജേഷ് . സ്വന്തം പ്രതിഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ഒരു പ്രമുഖ ദൃശ്യമാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ റിയാസിനെ പരോക്ഷമായി തള്ളിക്കൊണ്ട് മന്ത്രി എം ബി രജേഷ് രംഗത്ത് വന്നതോടെ ഇക്കാര്യത്തില്‍ സി പി എമ്മിനുളളില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.

സി പി എമ്മിലെയും ഘടകക്ഷികളിലെയും മന്ത്രിമാര്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതിരോധിക്കുന്നില്ലന്ന സൂചനയാണ് മുഹമ്മദ് റിയാസ് നല്‍കിയത്. തങ്ങളുടെ പ്രതിഛായ മാത്രം നോക്കി മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.

എന്നാല്‍ പ്രതിഛായ എന്നത് വലതു പക്ഷ പ്രയോഗമാണെന്നും കമ്യുണിസ്റ്റ് നേതാക്കളെ സംബന്ധിച്ചിടത്തോളം പ്രതിഛായ എന്നത് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിഛായയാണെന്നുമാണ് എം ബി രജേഷ് റിയാസിനുള്ള മറുപടിയായി പറഞ്ഞത്. പാര്‍ട്ടിക്ക് ഉപരിയായി ഒരു പ്രതിഛായ വ്യക്തിക്കില്ല മന്ത്രിയായാലും അല്ലങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ടി സംസാരിക്കുന്നതും നിലകൊള്ളുന്നതും എല്ലാ നേതാക്കളുടെയും കടമയാണെന്നും എം ബി രാജേഷ് പറഞ്ഞു. എന്നാല്‍ അഴിമതിയാരോപണങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കേണ്ടത് മന്ത്രിമാരുടെ കടമയാണെന്ന റിയാസിന്റെ അഭിപ്രായം പങ്കുവയ്കാന്‍ രാജേഷ് ശ്രമിച്ചല്ലന്നത് ശ്രദ്ധേയമാണ്.

സി പിഎമ്മിലെ മന്ത്രിമാരടക്കമുള്ള നേതാക്കളില്‍ പലര്‍ക്കും മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിന് ലഭിക്കുന്ന അതിരുകടന്ന പ്രധാന്യത്തെക്കുറിച്ച് മുറുമുറുപ്പുണ്ട്. അത്‌കൊണ്ടാണ് മുഖ്യമന്ത്രിയടെ കുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അവര്‍ ആരും പ്രതിരോധിക്കാന്‍ മെനെക്കെടാത്തത് എന്നാണ് സി പിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇവരെയെല്ലാം സമ്മര്‍ദ്ധത്തിലാക്കുക എന്ന തന്ത്രമാണ് മുഹമ്മദ് റിയാസ് പ്രയോഗിച്ചതെന്നാണ് സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.