ബംഗളൂരു: കർണാടകയിലെ ഗോവധ നിരോധന നിയമത്തിൽ മാറ്റത്തിനൊരുങ്ങി കർണാടക സർക്കാർ. കർഷകരുടെ വിശാലമായ താൽപര്യം പരിഗണിച്ച് നിയമത്തിൽ ഭേദഗതിയുണ്ടാവുമെന്ന് കർണാടക മൃഗക്ഷേമ വകുപ്പ് മന്ത്രി കെ.വെങ്കിടേഷ് പറഞ്ഞു. പോത്തിനെ കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ എന്തുകൊണ്ട് ആയിക്കൂടായെന്നും അദ്ദേഹം ചോദിച്ചു.

വയസായ കന്നുകാലികളെ പോറ്റാൻ കർഷകർ കഷ്ടപ്പെടുകയാണെന്നും ഇത്തരത്തിലുള്ളവ ചത്താൽ അതിനെ ഒഴിവാക്കാനും പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫാംഹൗസിൽ പശുചത്തപ്പോൾ ഇതേ പ്രശ്നം താനും അഭിമുഖീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

1964ലെ ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തി 2010ലും 2012ലും കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്​ യെദിയൂരപ്പ രണ്ട് ബില്ലുകൾ കൊണ്ടു വന്നിരിന്നു. 1964ലെ ഉപാധികളോടെ കശാപ്പ് ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിൽ നിന്നും വിഭിന്നമായി കർശന ഉപാധികളുള്ള നിയമമാണ് യെദിയൂരപ്പ കൊണ്ടു വന്നത്. ​

പിന്നീട് സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇളവുകൾ അനുവദിച്ചുവെങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയതോടെ കർശന ഉപാധികളോടെ നിയമത്തിൽ ഭേദഗതിയുണ്ടായി. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും 50,000 രൂപ മുതൽ അഞ്ച് ലക്ഷം വരെ പിഴശിക്ഷയുമുണ്ട്.