അമൃത്‌സർ: അമൃത്‌സർ സുവർണക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നറിയിച്ച് കൺട്രോൾ റൂമിലേക്ക് വിളിച്ചയാളെ  പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഏറെ വൈകി സുവർണ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന ഷ്‌ഖണ്ഡ് ശ്രീ ഹർമന്ദിർ സാഹിബിന് ചുറ്റും മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. സന്ദേശം ലഭിച്ചതിനെ തുടർന്ന് രാത്രി മുഴുവൻ അധികൃതർ വ്യാപക തിരച്ചിൽ നടത്തി. 

പരിശോധനയിൽ, നിഹാംഗ് എന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ, മോഷ്ടിച്ച ഫോൺ ഉപയോഗിച്ചാണ് നിഹാംഗ് കൺട്രോൾറൂമിലേക്ക് വിളിച്ചതെന്ന് മനസിലായി. തുടർന്നുള്ള അന്വേഷണത്തിൽ താൻ തമാശ ഉദ്ദേശിച്ച് ചെയ്തതാണെന്ന് നിഹാംഗ് അവകാശപ്പെട്ടു. നിഹാംഗിന്റെ നാല് കുട്ടികളെയും പൊലിസ് കസ്റ്റഡിയിലെടുത്തു, അവർക്ക് ഈ സംഭവത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് കസ്റ്റഡിയിലെടുത്തത്.

അതേ സമയം, ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിൽ നിരാശയുണ്ടെന്ന് അമൃത്‌സർ പോലീസ് കമ്മീഷണർ അമിത് ശർമ്മ പറഞ്ഞു. ഇത്തരം സംഭവങ്ങളെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നടപടികൾ പോലീസിന്റെ വിലയേറിയ സമയം പാഴാക്കുക മാത്രമല്ല പൊതുജനങ്ങളിൽ അനാവശ്യമായ ഉത്കണ്ഠയും ഭയവും ഉളവാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതെ സമയം, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.