വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് വാഷിംഗ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു. ആശ്രമത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധിതീർഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമികത്വം വഹിച്ചു.
പുഷ്പകലശാഭിഷേകം, ശാരദാ പൂജ, ഗണപതിഹോമം എന്നീ ചടങ്ങൾ നടന്നു. സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു.
ആശ്രമം ശ്രീനാരായണ ദർശന പ്രചാരണത്തിന് വഴിത്തിരിവാകുമെന്നും ലോകത്തിലെ പല പ്രമുഖ സർവകലാശാലകളും ഗുരുവിന്റെ കൃതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റൂബിൻ കോളിൻസ് പറഞ്ഞു.
സ്വാമി ഗുരുപ്രസാദ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡന്റ് ഡോ.ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡന്റുമാരായ മനോജ് കുട്ടപ്പൻ, അനിൽ കുമാർ, ട്രഷറർ സന്ദീപ് പണിക്കർ, ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.