കൊച്ചി: സിവിൽ സർവീസ് പരീക്ഷയിൽ സുവർണനേട്ടവുമായി കൊച്ചി സ്വദേശിയായ സിദ്ധാർഥ് രാംകുമാർ. രണ്ടാം ശ്രമത്തിൽ 121-ാം റാങ്കാണ് സിദ്ധാർഥ് സ്വന്തമാക്കിയിരിക്കുന്നത്. 2019-ൽ ആർക്കിടെക്ചർ പൂർത്തിയാക്കിയ സിദ്ധാർഥ് അന്ന് മുതൽ സിവിൽ സർവീസ് എന്ന തന്റെ സ്വപ്നത്തിന് പിന്നാലെയാണ്. 2020 മുതലാണ് പരീക്ഷ എഴുതാൻ തുടങ്ങിയത്. ഇന്റർനെറ്റിലൂടെ ലഭിച്ച കണ്ടന്റുകളും മറ്റും തന്നെ ഏറെ സഹായിച്ചുവെന്നും സിദ്ധാർഥ് പറയുന്നു. സൗജന്യമായിട്ടുള്ള കണ്ടന്റുകളായിരുന്നു ഏറിയ പങ്കും.

ഇതോടൊപ്പം എൻലൈറ്റ് അക്കാദമിയിൽ നടത്തിയ ടെസ്റ്റ് സീരീസും തനിക്ക് മുതൽകൂട്ടായതായും സിദ്ധാർഥ് കൂട്ടിച്ചേർത്തു. ഓൺലൈനിൽ മറ്റു ചില സ്ഥാപനങ്ങളുടെ കോഴ്സുകളിലും പങ്കെടുത്തിരുന്നു. പക്ഷെ ആദ്യ വട്ടം ശ്രമിച്ചപ്പോൾ നിരാശയായിരുന്നു ഫലം. ഐഎഎസ്സിനോടും ഐപിഎസ്സിനോടും താൽപര്യമുണ്ടായിരുന്നു.

പരീക്ഷ എഴുതി കഴിഞ്ഞപ്പോൾ തന്നെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നിയിരുന്നതായും സിദ്ധാർഥ് പറയുന്നു. ഓരോ വർഷം കഴിയുന്തോറും സിവിൽ സർവീസ് പരീക്ഷയിൽ മത്സരം കൂടി വരികയാണെന്ന അഭിപ്രായക്കാരനാണ് സിദ്ധാർഥ്. ഇതിനായി സമയം മാറ്റി വെച്ചിട്ട് കാര്യമില്ല. ജോലിയോടൊപ്പം തന്നെ പഠനവും കൊണ്ടുപോവുകയാണ് മാർഗമെന്നും സിദ്ധാർഥ് പറയുന്നു.

ഓൺലൈനിൽ ധാരാളം സൗജന്യ കണ്ടന്റുകൾ ലഭ്യമാണ്. ഇതെല്ലാം ഫിൽറ്റർ ചെയ്തു പഠിച്ചാൽ തന്നെ റാങ്ക് നേടാൻ കഴിയും. ടെലിഗ്രാമിലും യൂട്യൂബിലും തന്നെ ഇത്തരത്തിലുള്ള ധാരാളം കണ്ടന്റുകളുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് സിദ്ധാർഥിന്റെ കുടുംബം. അമ്മ രതി. അച്ഛൻ രാംകുമാർ ചിന്മയ കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പിലാണ്. ചേട്ടൻ ആദർശ്കുമാർ ഹൈക്കോടതിയിൽ വക്കീലാണ്.