തമിഴ്‌നാട് വനം വകുപ്പിന് തലവേദനയായി അരിക്കൊമ്പൻ. ദൗത്യത്തിന്റെ രണ്ടാം ദിനവും മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്ന് നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്നലുകൾ നൽകുന്ന സൂചന. വെള്ളം കുടിക്കാൻ ഷൺമുഖ നദിയോരത്തെത്തിയാൽ പിടികൂടാനുള്ള ശ്രമമാണ് വനപാലകർ നടത്തുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം എംഎൽഎ അറിയിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ആനയുടെ ലൊക്കേഷൻ കിട്ടിയ സ്ഥലത്ത് നിന്ന് 300 മീറ്റർ അടുത്ത ട്രാക്കർമാരുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്‌നാട് സർക്കാരിൻ്റെ ഉത്തരവിറങ്ങിയത്. എന്നാൽ കൊമ്പനെ ഇതുവരെ പിടികൂടാനായില്ല.

ജനവാസ മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി വനത്തിനുള്ളിൽ നിന്നിരുന്ന കൊമ്പൻ ഇന്ന് രാവിലെയാണ് താഴേക്കിറങ്ങിയത്.  200 മീറ്റർ അടുത്തെത്തിയപ്പോൾ തന്നെ വനപാലകർക്ക് ജിപിഎസ് കോളറിലെ സിഗ്നൽ കിട്ടി. ആനയെ കണ്ടെത്താൻ പല സംഘങ്ങളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം.