ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വയിലെ കത്തോലിക്കാ സഭക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ വിവിധ രൂപതകളുടെയും ഇടവകകളുടെയും ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവിറക്കിയിരിക്കുകയാണ് ഭരണകൂടം. മനുഷ്യാവകാശ സംരക്ഷകരും വൈദികരും ഈ നീക്കത്തെ അപലപിച്ചിരിക്കുകയാണ്.

“മെയ് 25 രാത്രി മുതൽ അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. സാഹചര്യം എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾ നോക്കുകയാണ്” – മനാഗ്വയിലെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രെനെസ് വെളിപ്പെടുത്തി. നിക്കരാഗ്വയിലെ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ലിബർട്ടാഡ് ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ഫെലിക്സ് മറാഡിയാഗയും അക്കൗണ്ടുകൾ മരവിപ്പിച്ച കാര്യം സ്ഥിരീകരിച്ചു.

“ഇത് കത്തോലിക്കാ സഭക്കെതിരായി നടത്തുന്ന മറ്റൊരു ആക്രമണമാണ്. ഭരണകൂടത്തിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്ന മതപീഡനത്തിന്റെ വികൃതമായ പ്രവൃത്തിയാണ് ഇത്. സഭയുടെ അജപാലനപരമായ ശബ്ദത്തെ നിശബ്ദമാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം” – ഫെലിക്സ് വ്യക്തമാക്കി.

മതപരമായ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതും ഇത് ആദ്യമായല്ലെന്ന് അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.