ബെയ്ജിങ്: ചൈന ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച യാത്രാവിമാനമായ സി919 വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഞായറാഴ്ച 128 യാത്രക്കാരുമായി ഷാങ്ഹായില്‍നിന്ന് ബെയ്ജിങ്ങിലേക്ക് ഏകദേശം രണ്ടുമണിക്കൂര്‍ 25 മിനിറ്റുകൊണ്ട് വിമാനം പറന്നെത്തിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്.

പാശ്ചാത്യ എതിരാളികളായ ബോയിങ്, എയര്‍ബസ് എന്നിവയുമായി മത്സരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിവില്‍ ഏവിയേഷന്‍ വിപണിയിലേക്കുള്ള ചൈനയുടെ കാല്‍വയ്പ്. ആകെ 164 സീറ്റും ഇരട്ട എന്‍ജിനുമുള്ള ചെറുവിമാനമാണ് സി919. ഞായറാഴ്ച ഉച്ചയ്ക്ക് 12.31 ന് ബീജിങ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിനും അതിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമുള്ള ആദരവ് നല്‍കുന്നതിന്റെ പ്രതീകമായാണ് വാട്ടര്‍ സല്യൂട്ട് ചടങ്ങ് നടത്തിയത്.

കമേഷ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ ഓഫ് ചൈന (കൊമാക്) ആണ് സി919 വിമാനം നിര്‍മിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ഒറ്റത്തവണ 5555 കിലോമീറ്റര്‍ ദൂരം പറക്കാന്‍ കഴിയുന്ന വിമാനം
ലോകത്തിലെ പ്രധാന വിമാന നിര്‍മ്മാതാക്കളായ എയര്‍ബസിനും ബോയിങ്ങിനും എതിരാളിയാണ്. ആഭ്യന്തര, പ്രാദേശിക, രാജ്യാന്തര വിമാനങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്ന എ320, ബി737 നാരോ ബോഡി ജെറ്റുകളുടെ എതിരാളിയായിരിക്കും വിമാനമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ആദ്യത്തെ വാണിജ്യ വിമാനം പുതിയ വിമാനത്തിന്റെ വരാനിരിക്കുന്ന വിമാനങ്ങളുടെ മുന്നറിയിപ്പാണ്. വിപണി പരീക്ഷണത്തില്‍ വിജയം കണ്ടാല്‍ സി919 കൂടുതല്‍ മെച്ചപ്പെടും,’ കൊമാക്കിന്റ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഷാങ് സിയാവുവാങ്ങിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.