ന്യൂഡല്‍ഹി: ടെന്റുകള്‍, മെത്തകള്‍, പായകള്‍, കൂളറുകള്‍, സ്പീക്കറുകള്‍ – കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറിലേക്ക് കൊണ്ടുവന്ന എല്ലാം ടെമ്പോകളിലും ട്രക്കുകളിലും കയറ്റി ഡല്‍ഹി പൊലീസ് താരങ്ങളുടെ സമരസ്ഥലം ഒഴിപ്പിച്ചു. ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ളവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമരം അവസാനിച്ചെന്ന് പൊലീസ് പറയുമ്പോള്‍, ലൈംഗികാരോപണത്തില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വീണ്ടും സമരം ആരംഭിക്കുമെന്നാണ് ഗുസ്തി താരങ്ങള്‍ പറഞ്ഞത്.

ഇന്നലെ ജന്തര്‍മന്ദറില്‍ 500 ലധികം വനിതാ പൊലീസുകാരോടും 1,400 പുരുഷ ഉദ്യോഗസ്ഥരോടും ഡിസിപി (ന്യൂഡല്‍ഹി) പ്രണവ് തയാൽ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 700 ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ ഗുസ്തി താരങ്ങളെ രാത്രി 7 മണിയോടെ വിട്ടയച്ചപ്പോള്‍ മറ്റുള്ളവര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഉണ്ടായിരുന്നു.

ഗുസ്തി താരങ്ങളുടെ നടപടി വളരെ നിരുത്തരവാദപരമാണെന്ന് സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) ദേപേന്ദ്ര പതക് പറഞ്ഞു. അവരെപ്രതിഷേധിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. പ്രതിഷേധസ്ഥലത്ത് നിന്ന് മാറരുതെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല. 8-9 പൊലീസുകാര്‍ക്ക് പരുക്കേറ്റു. അവര്‍ നിയമം ലംഘിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും പൊലീസ് പറഞ്ഞു.

എന്നാല്‍ തങ്ങളുടെ സമരം അവസാനിച്ചിട്ടില്ലെന്ന് വൈകുന്നേരം സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതരായ ശേഷം ഞങ്ങള്‍ വീണ്ടും ജന്തര്‍മന്തറില്‍ സത്യാഗ്രഹം ആരംഭിക്കും. ഇനി, വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹം നടക്കുമെന്നും ട്വീറ്റില്‍ പറയുന്നു. ഞങ്ങള്‍ സമരം ഉപേക്ഷിക്കില്ല. പുനിയ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. അവരെ വിട്ടയച്ചാല്‍ ഞങ്ങള്‍ തിരികെ പോയി ഞങ്ങളുടെ പ്രതിഷേധം തുടങ്ങുമെന്നും സാക്ഷി വ്യക്തമാക്കി.

കല്‍ക്കാജി, മയൂര്‍ വിഹാര്‍, മാളവ്യ നഗര്‍, ബുരാരി, നജഫ്ഗഡ് എന്നീ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധക്കാരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പൊലീസ് പറയുന്നതനുസരിച്ച്, 150 ലധികം പ്രതിഷേധക്കാരെ ജന്തര്‍ മന്തറില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍, പ്രവര്‍ത്തകര്‍, കര്‍ഷകര്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരുള്‍പ്പെടെ 550 പേരെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവച്ചു.

ജന്തര്‍ മന്തറിലെ സമര സംഘാടകര്‍ക്കും ഗുസ്തി താരങ്ങള്‍ക്കുമെതിരെ ഐപിസി 147 (കലാപം), 149 (നിയമവിരുദ്ധമായി സംഘം ചേരല്‍), 186 ( ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസ്സപ്പെടുത്തല്‍), 188 (ഉത്തരവ് ലംഘനം), 332 (സ്വമേധയാ പൊലീസ് ഉദ്യോഗസ്ഥനെ തന്റെ ഡ്യൂട്ടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പരുക്കേല്‍പ്പിച്ചത്), 353 (പൊലീസ് ഉദ്യോഗസ്ഥനെ തന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആക്രമണം) ബരാഖംബ പൊലീസ് സ്റ്റേഷനിലെ പിഡിപിപി നിയമത്തിലെ സെക്ഷന്‍ 3 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.