ചെന്നൈ: നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചായിരുന്നു 2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.

ഉപഗ്രഹ വിക്ഷേപണം പൂർണ വിജയമെന്നും ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആർഒ അറിയിച്ചു. 20 മിനിറ്റിലാണ് ദൗത്യം പൂർത്തിയായത്. തദ്ദേശീയമായി നിർമ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01. നാവിക് സ്ഥാനനിര്‍ണയ സംവിധാനത്തിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ വിക്ഷേപണങ്ങൾക്കാണ് ഇതോടെ തുടക്കമായത്. ഇതിൽ ആദ്യത്തെ ഉപഗ്രഹമാണ് എൻവിഎസ് 1. പുതിയ എൻവിഎസ് പരമ്പരയിൽ അഞ്ച് ഉപഗ്രഹണങ്ങളാണുള്ളത്.

അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന്‌ (ജി.പി.എസ്.) ബദലായി ഗതി നിര്‍ണയ, സ്ഥാനനിര്‍ണയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ തുടക്കമിട്ട ദൗത്യമാണ് നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ). മുമ്പ് ജിപിഎസ് ഉള്‍പ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിര്‍ണയ സ്ഥാനനിര്‍ണയ ഉപഗ്രഹ സേവനങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചുവന്നിരുന്നത്. എന്നാൽ കാര്‍ഗില്‍ യുദ്ധകാലത്ത് കാര്‍ഗില്‍ പ്രദേശത്തിന്റെ ജിപിഎസ് വിവരങ്ങള്‍ നല്‍കാനുള്ള ഇന്ത്യയുടെ ആവശ്യം യുഎസ് നിരാകരിച്ചതോടെയാണ് സ്വന്തം നിലയ്ക്ക് ഉപഗ്രഹ സ്ഥാനനിർണയ സംവിധാനം ഒരുക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങിയത്.

പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഏഴ് ഉപഗ്രഹങ്ങളാണ് നിലവില്‍ നാവികിനുള്ളത്. സൈനിക ആവശ്യങ്ങള്‍, സമുദ്ര ഗതാഗതം, വ്യോമഗതാഗതം, നിരീക്ഷണം, സർവേ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നാവികിന്റെ സേവനം പ്രയോജനപ്പെടുത്താം. സാധാരണക്കാർക്കും സ്മാർട്ട്ഫോണുകൾ വഴി ഗതിനിർണയസേവനം ലഭ്യമാകും. എന്നാൽ നാവിക പിന്തുണയുള്ള ഉപകരണങ്ങളിലേ ഇത് പ്രവർത്തിക്കൂ.

നിലവില്‍ ഇന്ത്യയിലടക്കം ഗൂഗിള്‍ മാപ്പിലടക്കം ഉപയോഗിക്കുന്നത് യുഎസിന്റെ ജിപിഎസ് ആണ്. എന്നാൽ, ജി.പി.എസിനെപ്പോലെ പ്രചാരം നേടാൻ നാവികിനായിട്ടില്ല. ഭാവിയിൽ നാവികിന്റെ സഹായത്തോടെ സമാനമായ സേവനങ്ങൾ നൽകാൻ കഴിയും. എന്‍വിഎസ് ഉപഗ്രഹങ്ങള്‍ ഈ സേവനം മെച്ചപ്പെടുത്താന്‍ നാവികിനെ സഹായിക്കും. എൻവിഎസ് പരമ്പരയിലെ അഞ്ച് ഉപഗ്രങ്ങൾ കൂടിയെത്തിയാൽ നാവിക് കൂടുതൽ കാര്യക്ഷമമാകും.