കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. പരാതിയില്‍ ആരോപണ വിധേയനായ ജലന്ദര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. കന്യാസ്ത്രീക്കെതിരെ ജലന്ദര്‍ വികാരി ജനറാള്‍ പരാതി നല്‍കിയത് പിണറായി പറഞ്ഞിട്ടാണെന്നും ജോര്‍ജ് പറയുന്നു. 24 ന്യുസിന്റെ ‘ജനകീയ കോടതി’ എന്ന പരിപാടിയിലാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

ഫ്രാങ്കോയ്ക്ക് വേണ്ടി താന്‍ വാദിച്ചത് നൂറു ശതമാനം ശരിയാണ്. എഫ്‌ഐആറില്‍ ബലാത്സംഗം എന്നില്ല, പീഡനം എന്നേയുള്ളുവെന്നും പി.സി ജോര്‍ജ് പറയുന്നു. കേസില്‍ വെറുതെ വിട്ടിട്ടും ഫ്രാങ്കോയെ എന്തുകൊണ്ട് തിരികെ ജലന്ദറില്‍ കയറ്റുന്നില്ലെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. കത്തോലിക്കാ സഭ കേസില്‍ പ്രതിയായ ഉടനെ പിടിച്ച് തിരിച്ച് കേറ്റുകയില്ല. പഞ്ചാബില്‍ ഇയാള്‍ക്ക് പകരം വേറൊരു ബിഷപ്പിനെ വെച്ചു വെച്ചു. ആ ബിഷപ്പ് വളരെ സത്യസന്ധമായി അവിടെ സഭയെ മുന്നോട്ടു നയിക്കുകയാണ്. ഒരു മെത്രാനും മെത്രാന്‍ പട്ടം കൊടുത്തു കഴിഞ്ഞാല്‍ അത് നീക്കാന്‍ സഭയ്ക്ക് അധികാരമില്ല. കന്യാസ്ത്രീ ഉടുപ്പ് കൊടുത്തു കഴിഞ്ഞാല്‍ അത് ദിവ്യ വസ്ത്രം കൊടുത്തതാ. പുറത്താക്കാന്‍ കഴിയില്ല. സഭയില്‍ നിന്ന് പുറത്തു പോകും. അവര് ഉടുപ്പിട്ട് നടന്ന എന്നാ ചെയ്യാനാ?- എന്നായിരുന്നു ജോര്‍ജിന്റെ വിശദീകരണം.

കേസിനെ കുറിച്ച് ജോര്‍ജ് പറയുന്നത് ഇങ്ങനെയാണ്:-

”22ാം തീയതി കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ ഫ്രാങ്കോയുടെ വികാരി ജനറാള്‍ വന്ന് ഒരു പരാതി കൊടുക്കുന്നു. ഈ സ്ത്രീ സ്ഥലം കയ്യേറി വച്ചിരിക്കുകയാണ്. സ്ഥലം തിരിച്ചു കിട്ടണമെന്ന്. ഇവരെ ഇറക്കി വിടണമെന്ന് പറഞ്ഞു. അത് കൊടുക്കാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയനും ഫ്രാങ്കോയും ആയിട്ടുള്ള ബന്ധത്തിന്റെ പേരിലാ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഫ്രാങ്കോ പരാതി കൊടുക്കുന്നത്. മുഖ്യമന്ത്രിയുമായി വളരെ അടുപ്പമാണ്. ഫ്രാങ്കോയുമായിട്ട് ബന്ധമില്ലാത്ത മുഖ്യമന്ത്രിമാരാരാ. എല്ലാവരുമായിട്ട് കമ്പനി അല്ലായിരുന്നോ. ഞാന്‍ പഞ്ചാബില്‍ ചെന്നന്വേഷിച്ചപ്പോള്‍ രാജകീയ പ്രൗഢി ആയിരുന്നു. അതിന്റെയാ ഇപ്പോള്‍ അനുഭവിക്കുന്നത്”- പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം, കന്യാസ്ത്രീകള്‍ സ്ഥലം കയ്യേറിയെന്ന കാണിച്ച് ജലന്ദര്‍ രൂപത പരാതി നല്‍കിയിട്ടില്ലെന്ന് അവിടെ നിന്നുള്ള വൈദികര്‍ പ്രതികരിച്ചു. ജലന്ദര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഈ വിവരം അറിഞ്ഞിട്ടില്ല. ആരാണ് ഈ പരാതിക്ക് പിന്നിലെന്ന് അറിയില്ല. നിലവില്‍ ആ കന്യാസ്ത്രീകള്‍ മാത്രമാണ് കുറവിലങ്ങാട് മഠത്തില്‍ താമസം. ഫ്രാങ്കോയെ അനുകൂലിച്ചിരുന്നവര്‍ കേസിനു ശേഷം മഠത്തില്‍ നിന്ന് ജലന്ദറിലേക്ക് മടങ്ങി. മഠത്തിന്റെ ഭൂമിയിലെ മരങ്ങള്‍ അവര്‍ വെട്ടിവിറ്റുവെന്നും കേള്‍ക്കുന്നുണ്ട്. ജലന്ദര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററോ ഇവിടെയുള്ള വൈദികരോ അറിഞ്ഞല്ല ഈ നടപടികളൊന്നും-വൈദികര്‍ പറയുന്നു.

ജലന്ദര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്ന് വത്തിക്കാന്‍ നീക്കിയ ഫ്രാങ്കോ മുളയ്ക്കല്‍ ആകട്ടെ കോട്ടയത്ത് ഒരു ധ്യാനകേന്ദ്രത്തിലാണ് താമസം. ധ്യാനത്തിനെത്തുന്നവര്‍ക്ക് ഫ്രാങ്കോയുടെ പ്രത്യേക ക്ലാസും ഉണ്ടെന്നാണ് വിവരം.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ചിരുന്ന മദര്‍ ജനറാള്‍ അടക്കമുള്ളവര്‍ ഇക്കഴിഞ്ഞ 16ന് കുറവിലങ്ങാട്ട് നിന്നും ജലന്ദറിലേക്ക് മടങ്ങി. അഞ്ചര ഏക്കറോളം വരുന്ന മഠത്തിന്റെ ഭൂമിയിലെ തേക്ക്, ആഞ്ഞിലി, പ്ലാവ്, റബര്‍ അടക്കം മുഴുവന്‍ മരങ്ങളും വെട്ടിവിറ്റശേഷമാണ് ഇവര്‍ പോയത്. 20 ലക്ഷത്തോളം രൂപയുടെ കച്ചവടം നടന്നുവെന്നാണ് സൂചന. പറമ്പിലെ ജാതി മരങ്ങള്‍ മറ്റൊരാള്‍ക്ക് പാട്ടത്തിനും നല്‍കി.

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ​‍ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടിരുന്നു.