ബെയ്ജിങ്ങ്: ലൈവ് സ്ട്രീമിങ്ങിനിടെ ഏഴ് കുപ്പി വോഡ്ക കുടിച്ചുതീർത്ത വ്ലോഗർക്ക് ദാരുണാന്ത്യം. ഇത്രത്തോളം മദ്യം കുടിച്ച് 12 മണിക്കൂറിന് ശേഷമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാൻകിയാംഗേ എന്ന പേരിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ് ഓൺലൈൻ ചലഞ്ചിന്റെ ഭാഗമായാണ് മദ്യം കുടിച്ചത്.

സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇയാൾ മദ്യം കുടിച്ചത്. ചൈനീസ് വോഡ്കയായ ‘ബാജിയു’ എന്ന മദ്യമാണ് ഇയാൾ കുടിച്ചത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മെയ് 16ന് പുലർച്ചെ ഒരു മണിക്കാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനിലെ ലൈവ് ചലഞ്ച് ഉണ്ടായത്. ബായിജു കഴിക്കുന്നതായിരുന്നു ചലഞ്ച്. ഇതിൽ 30 ശതമാനം മുതൽ 60 ശതമാനം ആൽക്കഹോളാണുള്ളതെന്ന് ഷാഗ്യൂ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇടതടവില്ലാതെ മദ്യപിച്ച് മറ്റ് ഇൻഫ്ലുവൻസേഴ്സുമായി മത്സരിക്കുന്ന ചലഞ്ചിലാണ് ഇയാൾ ഏർപ്പെട്ടിരുന്നതെന്നാണ് വിവരം. മുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ പിന്നീട് ഇദ്ദേഹത്തെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു.

വ്യൂവേഴ്സിൽ നിന്നും സമ്മാനങ്ങളും മറ്റും നേടുന്നതിന് വേണ്ടി ഇൻഫ്ലുവൻസേഴ്സ് പരസ്പരം ഇത്തരത്തിൽ മത്സരിക്കാറുണ്ട്. ഇതിൽ പരാജയപ്പെടുന്നതിന് ശിക്ഷകൾ ലഭിക്കുകയും ചെയ്യുന്ന പതിവുണ്ട്.

അമിതമായി മദ്യം ചെന്നത് തന്നെയാണ് മരണകാരണമെന്ന് കണ്ടെത്തിയതായി ഷാങ്ഗ്യൂ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഇയാളുടെ സംസ്കാര ചടങ്ങുകൾ നടക്കും.