കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉദയനിധി സ്‌റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 34.7 ലക്ഷം രൂപ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. പൊന്നിയിൻ സെൽവൻ 1, 2 എന്നിവയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ടതാണ് കേസ്.

ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം ചെന്നൈയിലെ സെൻട്രൽ ക്രൈംബ്രാഞ്ച്-I രജിസ്‌റ്റർചെയ്‌ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് സാമ്പത്തിക അന്വേഷണ ഏജൻസി അറിയിച്ചു.

കല്ലൽ ഗ്രൂപ്പും അതിന്റെ ഡയറക്ടർമാരും/സ്ഥാപകരുമായ ശരവണൻ പളനിയപ്പൻ, വിജയകുമാരൻ, അരവിന്ദ്, രാജ്, വിജയ് അനന്ത്, ലക്ഷ്മി മുത്തുരാമൻ, പ്രീത വിജയാനന്ദ് എന്നിവർ ചേർന്ന് തനിക്കെതിരെ 114.37 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി യുകെ ആസ്ഥാനമായുള്ള ലൈക്ക ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ എം/എസ് പെറ്റിഗോ കൊമേഴ്‌സ്യോ ഇന്റർനാഷണൽ എൽഡയുടെ ഡയറക്ടർ ഗൗരവ് ചച്ച ആരോപിച്ചിരുന്നു. 

അതേസമയം, തട്ടിപ്പ് യഥാർത്ഥത്തിൽ 300 കോടി രൂപയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഇഡി പറഞ്ഞു. “ഇതിന്റെ ഫലമായി 27.04.2023, 16.05.2023 തീയതികളിൽ കുറ്റാരോപിതരും പരാതിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ തിരച്ചിലിൽ ഡിജിറ്റൽ തെളിവുകൾ, രേഖകൾ, സ്വത്തുക്കൾ, സംശയാസ്‌പദമായ പണം, ഹവാല ഇടപാടുകൾ തുടങ്ങിയ വിവിധ ഇടപടികളുടെ തെളിവുകൾ കണ്ടെത്തുന്നതിന് കാരണമായി” സാമ്പത്തിക അന്വേഷണ ഏജൻസി പ്രസ്‌താവനയിൽ പറഞ്ഞു.

“തമിഴ്‌നാട്ടിൽ ഉടനീളമുള്ള  36.3 കോടി മൂല്യമുള്ള വിവിധ സ്ഥാവര സ്വത്തുക്കളും  ഉദയനിധി സ്‌റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലെ 34.7 ലക്ഷം രൂപയും താൽക്കാലികമായി കണ്ടുകെട്ടി” ഇഡി അറിയിച്ചു. “കേസിൽ ഉൾപ്പെട്ട കക്ഷികളിൽ നിന്ന് മുകളിൽ പറഞ്ഞ പണം വന്നതിന്റെ യുക്തി വിശദീകരിക്കുന്നതിൽ ഫൗണ്ടേഷന്റെ ട്രസ്‌റ്റികൾ പരാജയപ്പെട്ടു” ഇഡി വ്യക്തമാക്കി.